കിടുത്തട്ടുമുക്ക് അക്രമം: നാല് ശിവസേന പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Posted on: 06 Sep 2015ആറ്റിങ്ങല്‍: ആലംകോട് വഞ്ചിയൂര്‍ കടവിള കട്ടപ്പറമ്പ് കിടുത്തട്ട്മുക്കില്‍ മാരകായുധങ്ങളുമായി യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലംകോട് വഞ്ചിയൂര്‍ വിലവൂര്‍ക്കോണത്ത് വീട്ടില്‍ ആര്‍. രാഹുല്‍(20), ആലംകോട് അമ്പാടിയില്‍ ബി. ദിപിന്‍ (21), ആലംകോട് വഞ്ചിയൂര്‍ കൈതറവീട്ടില്‍ പി. അനന്തു (25), വഞ്ചിയൂര്‍ മൃദുലാലയത്തില്‍ മിഥുന്‍ (20) എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായത്.
സംഭവത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന ഇവര്‍ സംസ്ഥാനം വിടാന്‍ ശ്രമം നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ഇവരെ പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
കേസില്‍ വഞ്ചിയൂര്‍ സ്വദേശികളായ എം. രതീഷ് (31), ജി. അജി(38), എം. ബിജു(37), എസ്. വിമേഷ്(27), ജി. സുജിത്ത് (31) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രതീഷാണ് കേസിലെ ഒന്നാം പ്രതി. അറസ്റ്റിലായവരെല്ലാം ശിവസേന പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ പ്രത്യക്ഷത്തില്‍ ഇടപെട്ടിട്ടുള്ള രണ്ട് പേരെക്കൂടി ഇനി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവര്‍ ഒളിവിലാണ്.
ആഗസ്റ്റ് 28 ന് രാത്രി 7 നാണ് ആക്രമണം നടന്നത്. കിടുത്തട്ടുമുക്കില്‍ ഓണാഘോഷം നടക്കുമ്പോള്‍ കാഴ്ചക്കാരായി നിന്നവരെയാണ് സംഘം മര്‍ദ്ദിച്ചത്. ഇവരുടെ മര്‍ദ്ദനമേറ്റ കടവിള സായിഭവനില്‍ പരേതനായ സാംബശിവന്റെ മകന്‍ സായിയെ (26) 30 ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സായിയുള്‍പ്പെടെ എട്ട് പേര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
സ്ത്രീകളോട് മോശമായി പെരുമാറിയതിന് താക്കീത് ചെയ്തതാണ് ആക്രമണത്തിന് കാരണം. താക്കീത് ചെയ്തവരില്‍ ചിലര്‍ ഓണാഘോഷം നടക്കുന്നിടത്ത് നില്ക്കുന്നതറിഞ്ഞാണ് 11 പേരടങ്ങുന്ന സംഘം വടിവാള്‍, കമ്പിപ്പാര, കുറുവടി എന്നിവയുമായി കിടുത്തട്ടുമുക്കിലെത്തി ആക്രമണം നടത്തിയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. പിടികിട്ടാനുള്ള മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

More Citizen News - Thiruvananthapuram