ജീവിതപാഠങ്ങള്‍ മനസ്സിലാകാതെ ഏകാന്തവാസകേന്ദ്രത്തില്‍

Posted on: 05 Sep 2015


ജെ.വര്‍ഷതിരുവനന്തപുരം: അധ്യാപനവൃത്തിയിലുള്ളപ്പോള്‍ എത്രയോ പേര്‍ക്ക് അറിവിന്റെ പാഠം പകര്‍ന്നു. വിരമിച്ച ശേഷം ജീവിതസായാഹ്നത്തില്‍ മക്കളോ ശിഷ്യരോ തുണയില്ലാത്ത അവസ്ഥ. ജീവിതപാഠങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാത്ത ഒരുകൂട്ടം അധ്യാപകര്‍ പാറ്റൂരിലെ ഏകാന്തവാസകേന്ദ്രത്തിലുണ്ട്. പോയകാലത്തിന്റെ ഓര്‍മയില്‍ ഭാവിയെ പ്രത്യാശയോടെ കാണുകയാണിവര്‍. ഇവര്‍ക്കുമുന്നില്‍ ഒരു അധ്യാപകദിനംകൂടി.

കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ അധ്യാപകരെ സംരക്ഷിക്കുന്ന കേന്ദ്രമാണ് ഹെര്‍മിറ്റേജ്. ഇന്ത്യയിലെ ഏക ഹെര്‍മിറ്റേജാണിത്. അധ്യാപനജീവിതത്തില്‍നിന്ന് വിരമിച്ച് മക്കളും ബന്ധുക്കളും ഉപേക്ഷിച്ചവര്‍ക്ക് ഹെര്‍മിറ്റേജ് ആശ്രയമാകുന്നു.
1994ല്‍ പേട്ട സര്‍ക്കാര്‍ സ്‌കൂളിന് സമീപം ഹെര്‍മിറ്റേജ് ആരംഭിച്ചു. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ടീച്ചേഴ്‌സ് വെല്‍ഫെയറാണ് ഇത് സ്ഥാപിക്കാനുള്ള സാഹചര്യമുണ്ടാക്കിയത്. ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ പി.ജെ.ജോസഫ് വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ് ഇങ്ങനെ ഒരാശയം വരുന്നത്.

അവിവാഹിതരായി ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ക്കോ മക്കളില്ലാതെ ഏകാന്തത അനുഭവിക്കുന്നവര്‍ക്കോ താമസിക്കാനാണ് ഹെര്‍മിറ്റേജ് ആരംഭിച്ചത്. എന്നാല്‍, ഇവിടെയുള്ളവരില്‍ മിക്കവരും സ്വന്തം വീട്ടില്‍നിന്ന് മക്കളാല്‍ പുറത്താക്കപ്പെട്ട അധ്യാപകരാണ്. 28 അധ്യാപികമാരും 21 അധ്യാപകന്മാരുമാണ് ഇവിടത്തെ താമസക്കാര്‍. ഇവരില്‍ മക്കളെ ആശ്രയിക്കാതെ കഴിയുന്ന നാല് ദമ്പതിമാരുമുണ്ട്. തിരുവനന്തപുരം സ്വദേശി 90കാരനായ ഗോപാലപിള്ള, ഹെര്‍മിറ്റേജ് ആരംഭിച്ച കാലം മുതല്‍ ഇവിടത്തെ താമസക്കാരനാണ്.

ഒരുമാസത്തെ മുറിവാടക 150 രൂപയാണ്. ഒരുദിവസത്തെ ഭക്ഷണത്തിന്റെ ചെലവ് 90 രൂപയും. ചികിത്സാച്ചെലവും അധ്യാപകരുടെ പെന്‍ഷനില്‍നിന്ന് വഹിക്കണം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് വിരമിച്ച എല്‍.പി., യു.പി., എച്ച്.എസ്. വിഭാഗം അധ്യാപകര്‍ക്ക് മാത്രമാണ് പ്രവേശനം. ഓരോ വര്‍ഷവും പുതുതായി അഞ്ച് അധ്യാപകര്‍ വീതം ഹെര്‍മിറ്റേജില്‍ എത്തുന്നുണ്ടെന്ന് മാനേജര്‍ ഡാനിയല്‍ പറഞ്ഞു.

എല്ലാ മാസവും നഗരസഭയുടെ ബയോമിത്രം വഴി അധ്യാപകരെ പരിശോധിക്കാന്‍ ഡോക്ടര്‍ എത്തും. ഹോം നഴ്‌സിെല്ലന്നതാണ് അന്തേവാസികളുടെ പരാതി. അത്യാഹിതഘട്ടത്തില്‍ സെക്യൂരിറ്റി ജീവനക്കാരനോ ഒപ്പമുള്ളവരോ ആസ്​പത്രിയില്‍ എത്തിക്കേണ്ട സ്ഥിതിയാണ്. എന്നാല്‍, ഹെര്‍മിറ്റേജിലെ മറ്റ് സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തരാണെന്ന് റിട്ട. അധ്യാപകന്‍ കൃഷ്ണന്‍നായര്‍ പറയുന്നു.പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡി.പി.ഐ., എ.ഡി.പി.ഐ., അസിസ്റ്റന്റ് സെക്രട്ടറി എന്നിവരടങ്ങിയതാണ് ഹെര്‍മിറ്റേജ് കമ്മിറ്റി.

More Citizen News - Thiruvananthapuram