ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് പാലോട് മേഖലയില്‍ ഒരുക്കങ്ങളായി

Posted on: 05 Sep 2015പാലോട്: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം പാലോട് താലൂക്കില്‍ 11 മണ്ഡലങ്ങളിലായി 12 ആഘോഷങ്ങള്‍ സംഘടിപ്പിക്കും. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി 67 ചെറുശോഭായാത്രകളും 12 മഹാശോഭായാത്രകളും നടക്കും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി 90 സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തി. 'വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസ്സിനും പുണ്യം' എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ടാണ് ഇത്തവണത്തെ ആഘോഷം. പാലോട്ട് നടന്ന ഗോപൂജയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വെമ്പ്, തച്ചന്‍കോട് എന്നീ സ്ഥലങ്ങളില്‍ വൃക്ഷപൂജയും പാലോട്, കല്ലാര്‍ എന്നിവിടങ്ങളില്‍ നദീപൂജയും പെരിങ്ങമ്മല സ്‌കൂളിലും പാലോട് ഗവ. ആശുപത്രിയിലും വൃക്ഷത്തൈ നടീലും നടന്നു.
പാലോട്, നന്ദിയോട്, കുറുപുഴ, പേരയം, ഇലവുപാലം, ചെറ്റച്ചല്‍ എന്നിവിടങ്ങളില്‍ സാംസ്‌കാരിക സമ്മേളനങ്ങളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നടന്നു. പാലോട് ജങ്ഷനില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ നെടുമങ്ങാട് ജില്ലാ കാര്യവാഹ് കെ.രമേശ് മുഖ്യപ്രഭാഷണം നടത്തി. മടത്തറ ജങ്ഷനില്‍ ബാലഗോകുലം സംസ്ഥാന സമിതി അംഗം ജി.സന്തോഷ്, പേരയം ജങ്ഷനില്‍ ബാലഗോകുലം മുന്‍ ജില്ലാ രക്ഷാധികാരി തച്ചപ്പള്ളി ശശിധരന്‍ നായര്‍, നന്ദിയോട് ജങ്ഷനില്‍ ഹിന്ദു ഐക്യവേദി ജില്ലാ സമിതി അംഗം ആടുവള്ളി മോഹന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ദീപാരാധന, പ്രസാദവിതരണം, ബാല, കൗമാര കൃഷ്ണന്‍മാരുടെ ഉറിയടി എന്നിവയും നടന്നു.
ശനിയാഴ്ച മൂന്നിന് ശോഭായാത്രകള്‍ ആരംഭിക്കും. മടത്തറ ജങ്ഷന്‍, പാലോട് ഉമാ മഹേശ്വര ക്ഷേത്രം, പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രം, തെന്നൂര്‍ മാടന്‍നട ദേവീക്ഷേത്രം, വിതുര മഹാദേവ ക്ഷേത്രം, ആനപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചെറ്റച്ചല്‍ മേലാംകോട് ദേവീക്ഷേത്രം, വെമ്പ് മണലയം ശിവക്ഷേത്രം, ആനക്കുഴി ദേവീക്ഷേത്രം, പച്ച ധര്‍മശാസ്താ ക്ഷേത്രം, പേരയം ജങ്ഷന്‍ എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ സമാപിക്കും. ഗോകുല പതാക, ശ്രീകൃഷ്ണ, ഗോപികാ വേഷങ്ങള്‍, കേരളീയവേഷമണിഞ്ഞ സ്ത്രീജനങ്ങള്‍, വാദ്യമേളങ്ങള്‍, ഭജന, നാമജപം, ശ്രീകൃഷ്ണലീലകളുടെ നിശ്ചലദൃശ്യങ്ങള്‍ എന്നിവയും ശോഭായാത്രയില്‍ അണിനിരക്കും. പ്രധാന ജങ്ഷനുകളില്‍ സംഗമിക്കുന്ന ചെറുശോഭായാത്രകള്‍ മഹാശോഭായാത്രയായി സമീപ ക്ഷേത്രങ്ങളിലും സമാപിക്കും.

More Citizen News - Thiruvananthapuram