നാട്ടുകാര്‍ ഉറക്കമൊഴിച്ച് കാത്തിരുന്ന് വയല്‍നികത്തല്‍ തടഞ്ഞു

Posted on: 05 Sep 2015നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ വേങ്കവിളയില്‍ രാമപുരം സ്‌കൂളിന് സമീപമുള്ള വയല്‍ പാതിരാത്രി ക്വട്ടേഷന്‍ സംഘം നികത്തിയത്, നാട്ടുകാരും റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ഉറക്കമൊഴിച്ച് കാത്തിരുന്ന് തടഞ്ഞു. വേങ്കവിള രാമപുരം സ്‌കൂള്‍ റോഡ് തകര്‍ത്ത് പാതിരാത്രി തലങ്ങും വിലങ്ങും മണ്ണുമായി ഓടിയ ലോറികളെ തടയാനെത്തിയ നാട്ടുകാരെ വയല്‍നികത്തലിന് കൂട്ടുനിന്ന ഗുണ്ടാസംഘം വിരട്ടിയോടിച്ചു. തുടര്‍ന്ന് പോലീസിനെ അറിയിച്ച ശേഷം നാട്ടുകാര്‍ ഒത്തുകൂടി മണ്ണുകടത്തിയ ലോറിയും ജെ.സി.ബി.യും തടഞ്ഞിട്ടു. പോലീസിനെക്കണ്ട് ഇടറോഡിലേക്ക് കയറിയ മണ്ണുലോറി രണ്ട് വീടുകളുടെ മതിലുകള്‍ തകര്‍ത്തു. പോലീസെത്തി ലോറിയും ജെ.സി.ബി.യും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തിരുവോണം മുതല്‍ പൊതുപണിമുടക്ക് വരെയുള്ള അവധിദിനങ്ങള്‍ കണക്കാക്കി അഞ്ഞൂറിലധികം ലോഡ് മണ്ണാണ് വയലില്‍ നികത്തിയത്. താന്നിമൂട് പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണിനുള്ളിലെ കുന്ന് നാല് ജെ.സി.ബി.കള്‍ ഉപയോഗിച്ച് ഇടിച്ച് പന്ത്രണ്ടിലധികം ടിപ്പറുകളിലായാണ് വയല്‍ നികത്തിക്കൊണ്ടിരുന്നത്. ആയിരത്തിലധികം ഗ്യാസ് സിലിന്‍ഡറുകള്‍ അടുക്കിവെച്ചിരിക്കുന്ന ഗോഡൗണിനുള്ളില്‍ പാതിരാത്രി ജെ.സി.ബി. കൊണ്ട് മണ്ണിടിച്ചത് നാട്ടുകാരില്‍ പരിഭ്രാന്തി ഉളവാക്കിയിരുന്നു. ജോലിക്കാരുടെ പക്ഷത്തുനിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും ഗ്യാസ് സിലിന്‍ഡര്‍ അപകടമുണ്ടാക്കുമെന്ന ഭയമാണ് നാട്ടുകാരെ മണ്ണുമാഫിയയ്‌ക്കെതിരെ തിരിയാന്‍ ഇടയാക്കിയത്.
ആനാട് പഞ്ചായത്തില്‍ അവശേഷിക്കുന്ന പാടശേഖരമുള്ളത് വേങ്കവിളയിലാണ്. മണ്ണ് മാഫിയ വേങ്കവിളയിലും പിടിമുറുക്കിയത് നാട്ടുകാരില്‍ ആശങ്കയുളവാക്കി.
നിരന്തരം ടിപ്പര്‍ലോറികള്‍ ഓടിയതുകാരണം അടുത്തിടെ പുനര്‍നിര്‍മ്മിച്ച രാമപുരം യു.പി. സ്‌കൂള്‍ റോഡ് രണ്ടായി പിളര്‍ന്നു. അവധിദിവസങ്ങളില്‍ രാത്രിയില്‍ നടത്തിയ മണ്ണിടിക്കലും വയല്‍നികത്തലും പോലീസ്, റവന്യു അധികൃതരുടെ മൗനാനുവാദത്തോടെയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

More Citizen News - Thiruvananthapuram