മാതൃകയായി വര്‍ക്കല എല്‍.പി.ജി.എസ്.: പ്രഥമാധ്യാപകന്‍ ശ്രീലാലിന് അധ്യാപക അവാര്‍ഡ്

Posted on: 05 Sep 2015വര്‍ക്കല: പൊതുമേഖലയിലെ സ്‌കൂളുകളില്‍നിന്ന് കുട്ടികള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുമ്പോള്‍ വര്‍ക്കല എല്‍.പി.ജി.എസ്. എന്ന സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുന്നു.
പ്രവര്‍ത്തനമികവും മികച്ച അധ്യാപനവും കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക ശ്രദ്ധയും സ്‌കൂളിനെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയപ്പെട്ടതാക്കുന്നു. പൊതുവിദ്യാലയത്തിന്റെ പ്രാധാന്യം സമൂഹത്തിനുമുന്നില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ എത്തിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ച സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എസ്.ശ്രീലാലിനാണ് എല്‍.പി. വിഭാഗത്തില്‍ മികച്ച അധ്യാപകനുള്ള ഈവര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം.
പഠനനിലവാരത്തിലും വിദ്യാഭ്യാസ വകുപ്പുതല മത്സരങ്ങളിലും സ്‌കൂളിന് തുടര്‍ച്ചയായ ഉയര്‍ച്ചയുണ്ടാക്കാന്‍ ശ്രീലാലിന് കഴിഞ്ഞു.
202 കുട്ടികളാണ് ഈ അധ്യയനവര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടിയത്. കഴിഞ്ഞവര്‍ഷം മുതല്‍ ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്‌കൂളും ഇതാണ്. 1,104 കുട്ടികളാണ് സ്‌കൂളിലുള്ളത്. ഒന്നു മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ 793 കുട്ടികളും പ്രീ-പ്രൈമറിയില്‍ 311 കുട്ടികളും പഠിക്കുന്നു. പ്രീ-പ്രൈമറിയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്നതും ഈ സ്‌കൂളിലാണ്. ഈവര്‍ഷം അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 80 കുട്ടികള്‍ വിവിധ ക്ലാസുകളില്‍ ഇവിടെ പ്രവേശനം നേടി. സ്‌കൂളിന്റെ നിലവാരം മനസ്സിലാക്കി ഇടവ, ഇലകമണ്‍, വെട്ടൂര്‍, അഞ്ചുതെങ്ങ്, ചെമ്മരുതി, ഒറ്റൂര്‍ പഞ്ചായത്തുകളില്‍ നിന്നുവരെ കുട്ടികളെത്തുന്നു. രക്ഷാകര്‍ത്താക്കളുടെ സഹകരണത്തോടെ വാഹനസൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. അധ്യയനത്തിനൊപ്പം കുട്ടികളില്‍ സാമൂഹികാവബോധം വളര്‍ത്തുന്നതിനുള്ള പരിപാടികളും ആവിഷ്‌കരിച്ചതായി പ്രഥമാധ്യാപകന്‍ ശ്രീലാല്‍ പറഞ്ഞു. 'രോഗരഹിതബാല്യം' എന്ന പേരില്‍ ആരോഗ്യപദ്ധതി സ്‌കൂളില്‍ നടപ്പാക്കി. എല്ലാ പ്രത്യേകദിനങ്ങളിലും വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കാനും ശ്രീലാല്‍ ശ്രദ്ധിക്കുന്നുണ്ട്. അധ്യാപകന്‍, പ്രഥമാധ്യാപകന്‍ എന്നീനിലകളില്‍ 30 വര്‍ഷത്തിലേറെയായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായാണ് ശ്രീലാലിനെത്തേടി സംസ്ഥാന അവാര്‍ഡെത്തിയത്. അയിരൂര്‍ ഗവ.യു.പി.എസ്, നിലയ്ക്കാമുക്ക് യു.പി.എസ്. എന്നിവിടങ്ങളിലും പ്രഥമാധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാരിപ്പള്ളി പാമ്പുറം ശ്രീസായിയിലാണ് താമസം. ഭാര്യ: ഡോ. നേഹാലാല്‍. മക്കള്‍: നിരഞ്ജന, നീരജ്. അമച്വര്‍ നാടകരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.

More Citizen News - Thiruvananthapuram