എക്‌സൈസ് റെയ്ഡ്: ആറുപേര്‍ അറസ്റ്റില്‍

Posted on: 05 Sep 2015വര്‍ക്കല: വര്‍ക്കല റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ്, വിദേശമദ്യം എന്നിവ വില്‍പ്പന നടത്തുകയും പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുകയും ചെയ്ത ആറുപേരെ പിടികൂടി. മണമ്പൂര്‍, മുളകോണം എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന മുട്ടുകോണം മിഷന്‍ കോളനിയില്‍ ചരുവിള പുത്തന്‍വീട്ടില്‍ ബാബു(68) വിനെ അറസ്റ്റ് ചെയ്തു. ഒറ്റൂര്‍ നെല്ലിക്കോട് ഭാഗത്ത് വിദേശമദ്യ വില്‍പ്പന നടത്തിവന്ന നെല്ലിക്കോട് ആര്യഭവനില്‍ ജയപ്രകാശ്(64) പിടിയിലായി. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് കുളമുട്ടം സ്വദേശികളായ മുഹമ്മദ് അസ്ലം, ജഹാംഗീര്‍, കണ്ണംബ സ്വദേശി നാസര്‍, ആശാന്‍മുക്ക് സ്വദേശി മുഹമ്മദ് എന്നിവരെയും പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ഒന്നരക്കിലോ കഞ്ചാവുമായി അറസ്റ്റില്‍

വര്‍ക്കല:
ഒന്നരക്കിലോ കഞ്ചാവുമായി പാളയംകുന്ന് വണ്ടിപ്പുര മാടന്‍കാവിന് സമീപം അനിവിലാസത്തില്‍ അനിലിനെ(39) അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയില്‍ കാറില്‍ അഭ്യാസം നടത്തിയയാളെ പിടികൂടി

വര്‍ക്കല:
മദ്യലഹരിയില്‍ കാറില്‍ റോഡില്‍ അഭ്യാസപ്രകടനം നടത്തിയയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാത്രിയാണ് കാറില്‍ അമിതവേഗതയില്‍ തലങ്ങും വിലങ്ങും കാറോടിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ കടന്നുകളയാന്‍ ശ്രമിച്ച കാര്‍ നിയന്ത്രണം വിട്ട് മൈല്‍കുറ്റിയിലിടിച്ചു. കാറിന്റെ ടയര്‍ പൊട്ടി. കാറിലുണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു.

ജലവിതരണം തടസ്സപ്പെടും

വര്‍ക്കല:
ജല അതോറിറ്റിയുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വര്‍ക്കല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും 5, 6, 7 തീയതികളില്‍ ജലവിതരണം മുടങ്ങും.

അഖിലകേരള വടംവലി മത്സരം

വര്‍ക്കല:
അയിരൂര്‍ തൃമ്പല്ലൂര്‍ പൗരസമിതിയുടെ അഖിലകേരള വടംവലി മത്സരം 5ന് വൈകീട്ട് 5ന് നടക്കും.

More Citizen News - Thiruvananthapuram