മദ്യത്തിന്റെ പേരില്‍ തര്‍ക്കം; കുത്തേറ്റ യുവാവ് മരിച്ചു

Posted on: 05 Sep 2015പേരൂര്‍ക്കട: മദ്യത്തിന്റെ പേരിലുള്ള തര്‍ക്കത്തില്‍ കൂട്ടുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വട്ടിയൂര്‍ക്കാവ് നെട്ടയം ആശ്രമം റോഡില്‍ ഒഴുകുപാറ മേലെ പുത്തന്‍വീട്ടില്‍ ജയരാജാണ് (35) മരിച്ചത്. കേസിലെ പ്രതി പേരൂര്‍ക്കട ഊളമ്പാറ ജങ്ഷന് സമീപം ലോഡ്ജില്‍ വാടകക്ക് താമസിക്കുകയായിരുന്ന സുനില്‍കുമാറിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഉത്രാടദിവസമാണ് കേസിനാസ്​പദമായ സംഭവം നടന്നത്. ലോഡ്ജില്‍ വെച്ച് മദ്യം കഴിച്ചുകൊണ്ടിരിക്കെ മദ്യം വാങ്ങാന്‍ ഓഹരി നല്‍കാത്ത ഒരാള്‍ക്ക് ജയരാജ് മദ്യം ഒഴിച്ചുകൊടുത്തതാണ് പ്രശ്‌നത്തിനിടയാക്കിയത്. തര്‍ക്കത്തിനൊടുവില്‍ സുനില്‍ ജയരാജിനെ വയറ്റില്‍ ആഴത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു. ജയരാജിനെ ഉടന്‍ തന്നെ മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബോധരഹിതനായ ജയരാജിന് പിന്നീട് ബോധം വീണ്ടു കിട്ടിയതിനെത്തുടര്‍ന്ന് പോലീസും മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വൈകീട്ടോടെ മരിച്ചു.
ജയരാജും ക്രിമിനല്‍ കേസ് പ്രതിയാണെന്ന് പേരൂര്‍ക്കട പോലീസ് പറഞ്ഞു. അമ്മ റോസ്‌മേരിയെ കൊലപ്പെടുത്തിയ കേസില്‍ ജയരാജിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പരേതനായ ആന്റണിരാജാണ് അച്ഛന്‍. സഹോദരങ്ങള്‍: സരോജം, വിക്ടോറിയ, രഞ്ജിനി, സെല്‍വരാജ്.

More Citizen News - Thiruvananthapuram