ഇളമ്പയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു

Posted on: 05 Sep 2015ആറ്റിങ്ങല്‍: ഇളമ്പയില്‍ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് പത്ത് പവന്‍ സ്വര്‍ണവും 60,000 രൂപയും 7,000 ദിര്‍ഹവും മോഷ്ടിച്ചു. ഇളമ്പ ശ്രീജിത്ത് ഭവനില്‍ ശ്രീകുമാറിന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
ശ്രീകുമാറും കുടുംബവും ദുബായിലാണ് സ്ഥിരതാമസം. ഇടയിക്കിടയ്ക്ക് നാട്ടില്‍ വന്നുപോവുകയാണ് പതിവ്. കഴിഞ്ഞദിവസം നാട്ടിലെത്തിയ ഇവര്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂകാംബിക ക്ഷേത്രദര്‍ശനത്തിനായി പോയി. രാത്രിയിലാണ് മോഷണം നടന്നത്. മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറികളുടെ വാതില്‍ കുത്തിപ്പൊളിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് നഷ്ടമായത്. മോഷണത്തിന് ശേഷം വീടിനകത്ത് മുളക്‌പൊടി വിതറിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ഈ വിട്ടിലെ ലൈറ്റണയ്ക്കാന്‍ വേണ്ടി ബന്ധു എത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. ഉടന്‍ പോലീസിലറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയാലേ കൂടുതലെന്തെങ്കിലും നഷ്ടമായോ എന്നറിയാനാകൂ. ആറ്റിങ്ങല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി എസ്.ഐ. ബി. ജയന്‍ അറിയിച്ചു.

More Citizen News - Thiruvananthapuram