അഭിനന്ദിന് കണ്ണീരോടെ വിട

Posted on: 05 Sep 2015വെള്ളറട: പനച്ചമൂട്ടില്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ട മൂന്ന് വയസ്സുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. പനച്ചമൂട് ചരലുവിള പുത്തന്‍ വീട്ടില്‍ ശക്തിയുടെ മകന്‍ അഭിനന്ദിന്റെ ശവസംസ്‌കാരമാണ് നടത്തിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയ്ക്ക്, ശ്രീജയ്ക്കരികില്‍(30) കഴിഞ്ഞ ദിവസമാണ് അഭിനന്ദിനെ മരിച്ച നിലയില്‍ കണ്ടത്.
ശക്തി നാട്ടിലെത്താന്‍ ഒരുനാള്‍ ശേഷിക്കവെയാണ് സംഭവം നടന്നത്. മകനെ കൊലപ്പെടുത്തിയശേഷം ശ്രീജ സ്വന്തം കൈകളില്‍ മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദുബായിയില്‍ ജോലിയിലായിരുന്ന ശക്തി വെള്ളിയാഴ്ച പുലര്‍ച്ചേ വീട്ടിലെത്തിയിരുന്നു. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരുന്ന അഭിനന്ദിന്റെ മൃതദേഹം വന്‍ ജനാവലിയുടെ അകമ്പടിയോടെ വീട്ടുവളപ്പില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ അച്ഛന്റെ കരങ്ങള്‍ മകന്റെ നിശ്ചലശരീരത്തെ വാരിപുണര്‍ന്ന് അലറികരയുന്നത് നെഞ്ച്പിളര്‍ക്കുന്ന കാഴ്ചയായി.
അപകടനില തരണംചെയ്ത ശ്രീജ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പോലീസ് കാവലോടെ ചികിത്സയിലാണ്.

More Citizen News - Thiruvananthapuram