ആറ്റിങ്ങല്‍ കൊട്ടാരം തകരുന്നു; സംരക്ഷണത്തിന് നടപടികളില്ല

Posted on: 05 Sep 2015ആറ്റിങ്ങല്‍: ചരിത്രവും സംസ്‌കാരവും സമന്വയിക്കുന്ന ആറ്റിങ്ങല്‍ കൊല്ലമ്പുഴ കോയിക്കല്‍ കൊട്ടാരക്കെട്ടുകള്‍ തകരുന്നു. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള കെട്ടിടങ്ങളാണ് നശിക്കുന്നത്. ഇവ നന്നാക്കി സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ നടപടി സ്വീകരിച്ചിട്ടില്ല.
തിരുവിതാംകൂര്‍ രാജവംശത്തിന്റെ അമ്മവീടെന്ന നിലയില്‍ കേരളചരിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട് ഈ കൊട്ടാരത്തിന്. ഏകദേശം പത്തേക്കറിലാണ് കൊട്ടാരസമുച്ചയം പണികഴിപ്പിച്ചിരുന്നത്. കേരളീയ വാസ്തുശില്പ മാതൃകയില്‍ കല്ലും മരവും ഉപയോഗിച്ചാണ് നിര്‍മാണം. മണ്ഡപക്കെട്ടിനുള്ളിലെ പള്ളിയറ ഭഗവതിയുടെ ആസ്ഥാനം ഉള്‍പ്പെടെ നാല് ക്ഷേത്രങ്ങള്‍ ഇതിനുള്ളിലുണ്ട്.
കൊട്ടാരത്തിന് പുറത്ത് കിഴക്ക് ഭാഗത്തായി രണ്ട് എടുപ്പുകളുണ്ട്. ഇവയിലൊന്ന് ആവണിപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവഴിയില്‍ ചാവടി എന്നറിയപ്പെടുന്ന ഗോപുരവാതിലാണ്. ജീര്‍ണാവസ്ഥയിലായിരുന്ന ഈ മണ്ഡപം ഒരുവര്‍ഷം മുമ്പ് കൊട്ടാരം കുടുംബാംഗങ്ങള്‍ ഇടപെട്ട് പുതുക്കിപ്പണിതു. ചാവടിക്ക് സമീപത്തായി വളരെ ഉയര്‍ന്ന സ്ഥാനത്താണ് പഴയ കൊട്ടാരം. വളരെ വിശാലമായ മുഖമണ്ഡപമുണ്ട്. ഈ മുഖമണ്ഡപം ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണിപ്പോള്‍. മേല്‍ക്കൂരയിലെ ഓട് തകര്‍ന്ന് വെള്ളം ഒഴുകിയിറങ്ങി തടികള്‍ ദ്രവിച്ച് ഒടിഞ്ഞുവീഴാറായ നിലയിലാണ്.
മണ്ഡപക്കെട്ടിന്റെ ഭൂരിഭാഗവും തടികൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. ഏകദേശം എഴുന്നൂറ് കൊല്ലത്തിലധികം പഴക്കമുള്ള മണ്ഡപക്കെട്ടിനകത്താണ് പള്ളിയറ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം. ഇതിന് പുറകിലായി വിശാലമായ ഊട്ടുപുര.
ഈ മണ്ഡപക്കെട്ടില്‍ അടുത്തകാലംവരെ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രകലാപീഠം പ്രവര്‍ത്തിച്ചിരുന്നു. പഞ്ചവാദ്യം, തകില്‍, നാദസ്വരം എന്നിവയാണ് അഭ്യസിപ്പിച്ചിരുന്നത്. ദേവസ്വം ബോര്‍ഡധികൃതര്‍ ഈ അധ്യയനവര്‍ഷം കലാപീഠത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതോടെ ഈ കൊട്ടാരക്കെട്ടില്‍ ആളനക്കവുമില്ലാതായി.
തിരുവാറാട്ടുകാവ് ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും മകരം ഒമ്പതിന് അരിയിട്ടുവാഴ്ച നടത്താറുണ്ട്. തിരുവിതാംകൂര്‍ രാജസ്ഥാനീയന്‍ നേരിട്ടെത്തിയാണ് ചടങ്ങ് നടത്താറുള്ളത്.
ഇങ്ങനെ ചരിത്രവും സംസ്‌കാരവും വിശ്വാസങ്ങളും ഇഴചേരുന്ന ഈ കൊട്ടാരക്കെട്ടുകള്‍ നശിക്കുന്നത് ആറ്റിങ്ങലിന്റെ പെരുമയ്ക്കുകൂടിയേല്‍ക്കുന്ന നാശമാണ്. ദേവസ്വം ബോര്‍ഡ് ഈ വിഷയത്തില്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ ജനരോഷം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. കൊട്ടാരക്കെട്ടുകള്‍ തനിമ ചോരാതെ സംരക്ഷിക്കണമെന്ന ആവശ്യം നഗരസഭ പലതവണ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. കൊട്ടാരം പുരാവസ്തു വകുപ്പിന് കൈമാറി സംരക്ഷിത സ്മാരകമാക്കി മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

More Citizen News - Thiruvananthapuram