എ.ഐ.എസ്.എഫ്. മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: 05 Sep 2015തിരുവനന്തപുരം: പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എ.ഐ.എസ്.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ. അരുണ്‍ബാബു ഉള്‍പ്പെടെ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അനീഷ് സക്കറിയ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അല്‍ജിഹാന്‍, സെക്രട്ടറി രാഹുല്‍ രാജ്, ജില്ലാ കമ്മിറ്റി അംഗം മിഥുന്‍ ടി.എം. എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മുദ്രാവാക്യങ്ങളുമായി ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്ക് നേരേ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം തുടര്‍ന്നപ്പോഴാണ് ലാത്തി വീശിയത്. ലാത്തിച്ചാര്‍ജിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ വിദ്യാര്‍ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മൂന്ന് തവണ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പിരിഞ്ഞുപോകാതെ പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകരെ ഒടുവില്‍ അറസ്റ്റ് ചെയ്ത് നീക്കി.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സി.പി.ഐ. ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു. സ്വകാര്യ സര്‍വകലാശാലാ രൂപവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പാഠപുസ്തക അച്ചടിയിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

More Citizen News - Thiruvananthapuram