ജന്മാഷ്ടമിക്ക് നാടൊരുങ്ങി

Posted on: 05 Sep 2015തിരുവനന്തപുരം: അഷ്ടമിരോഹിണി നാളിലെ ശ്രീകൃഷ്ണജയന്തി ശനിയാഴ്ച. വൈഷ്ണവ ക്ഷേത്രങ്ങളില്‍ ജന്മാഷ്ടമി ആഘോഷം ഭക്തിനിര്‍ഭരമാകും. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകീട്ട് നാടെങ്ങും കമനീയമായ ശോഭായാത്രകള്‍ അരങ്ങേറും.
ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വിഷ്ണു ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ പ്രത്യേക പൂജകളും ഉച്ചയ്ക്ക് പിറന്നാള്‍ സദ്യയും രാത്രിയില്‍ അവതാരപൂജയും ഉണ്ടായിരിക്കും.
വൈകീട്ട് വിവിധ കേന്ദ്രങ്ങളിലാണ് ശോഭായാത്രകള്‍ നടക്കുന്നത്. വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസ്സിനും പുണ്യം എന്ന സന്ദേശവുമായാണ് ബാലഗോകുലം ശോഭായാത്രകള്‍ നടത്തുന്നത്. തിരുവനന്തപുരത്ത് ശനിയാഴ്ച വൈകീട്ട് നാലിന് പാളയം ഗണപതിക്ഷേത്രത്തിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്ര എം.ജി. റോഡിലൂടെ പുത്തരിക്കണ്ടത്ത് സമാപിക്കും. കൃഷ്ണകഥയിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ ബാലികാബാലന്മാര്‍, പുരാണകഥയുടെ നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ യാത്രയ്ക്ക് പകിട്ടേകും. ജില്ലയിലെ പ്രധാന നഗരങ്ങളില്‍ ശോഭായാത്രകളും ഉപ ശോഭായാത്രകളും ഉണ്ടായിരിക്കും. ജന്മാഷ്ടമിക്ക് മുന്നോടിയായി വെള്ളിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ ഉറിയടിയും ഗോപൂജയും നടന്നു.

More Citizen News - Thiruvananthapuram