സൗകര്യവും വൃത്തിയുമില്ലാതെ വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍

Posted on: 04 Sep 2015വിതുര: പുറത്തെ ശൗചാലയങ്ങള്‍ വൃത്തിഹീനം. പലപ്പോഴും നിലയ്ക്കുന്ന ജലവിതരണം. കുന്നുകൂടി കിടക്കുന്ന ആഹാരാവശിഷ്ടങ്ങള്‍. കല്ല്യാണം, പൊതുയോഗം, വിവിധ ചടങ്ങുകള്‍ എന്നിവയ്‌ക്കൊക്കെ വിതുര മേഖലയിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ അവസ്ഥയാണിത്. ചടങ്ങുകളില്‍ മുറുമുറുപ്പും പ്രതിഷേധവും വഴക്കുമൊക്കെ ഇതുകാരണം ഉണ്ടാകുകയാണ്.
4000 രൂപ പഞ്ചായത്തില്‍ അടച്ചാണ് സദ്യാലയമടക്കം കമ്മ്യൂണിറ്റി ഹാള്‍ ബുക്ക് ചെയ്യുന്നത്. പക്ഷേ ഇവിടത്തെ എല്ലാ പൈപ്പിലും വെള്ളമുണ്ടാകുമെന്ന ഉറപ്പ് പാടില്ല. ഏറ്റവും കൂടുതല്‍ വഴക്ക് നടന്നിട്ടുള്ളത് വെള്ളമില്ലാത്തതിന്റെ പേരിലാണ്. വെള്ളത്തിന്റെ പ്രശ്‌നം കൊണ്ടുതന്നെ ഹാളിനുപുറത്തെ ശൗചാലയങ്ങളും കയറാന്‍പറ്റാത്തവിധം മലിനമായിട്ടുണ്ട്.
പാചകപ്പുരയുടെ പിന്നാമ്പുറത്താണ് ആഹാരാവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുന്നത്. ഇത് പഞ്ചായത്ത് വളപ്പും കഴിഞ്ഞ് അടുത്ത പുരയിടത്തില്‍ എത്തിയിട്ടുണ്ട്. ഇവിടെ പഞ്ചായത്തിന്റെ മതില്‍ തകര്‍ന്ന് അപകടനിലയിലുമാണ്.
കാലപ്പഴക്കം കാരണം പൊളിച്ചുപണിയേണ്ട കെട്ടിടമായതിനാലാണ് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അറ്റകുറ്റപ്പണി നടത്താത്തതെന്ന് പ്രസിഡന്റ് വിപിന്‍ പറയുന്നു. അകത്ത് ശൗചാലയം ഉള്ളതിനാല്‍ പുറത്തേത് ഉപയോഗിക്കേണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം കമ്മ്യൂണിറ്റി ഹാളിന്റെ അവസ്ഥ ഇതായതിനാല്‍ വിതുര മേഖലയിലെ സ്വകാര്യ ഓഡിറ്റോറിയങ്ങള്‍ വാടക തോന്നുംപടി കൂട്ടുകയാണ്. അതിഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇത്തരം ഹാളുകള്‍ ബുക്കുചെയ്യേണ്ട അവസ്ഥയിലുമാണ്.

More Citizen News - Thiruvananthapuram