വില്ലേജ് ഓഫീസ് ക്ഷേത്ര വിശ്വാസികള്‍ ഉപരോധിച്ചു

Posted on: 04 Sep 2015ആര്യനാട്: തോളൂര്‍ ചെമ്പകമംഗലം ക്ഷേത്രത്തിലെ ആര്യനാട് റോഡില്‍ ക്ഷേത്ര കവാടത്തിന് സമീപമുള്ള കാണിക്കവഞ്ചിയെ ചൊല്ലി വ്യാജ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ നല്‍കിയെന്നാരോപിച്ച് ക്ഷേത്ര വിശ്വാസികള്‍ ആര്യനാട് വില്ലേജ് ഓഫീസ് ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 60 വര്‍ഷത്തിലധികമായി ഇവിടെ കാണിക്കവഞ്ചി സ്ഥിതി ചെയ്യുന്നതായി ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ കാണിക്കവഞ്ചിക്ക് സമീപമുള്ള വസ്തുഉടമ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കാണിക്കവഞ്ചി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കാണിക്കവഞ്ചി സ്ഥാപിച്ചിട്ട് ഏഴ് വര്‍ഷമേ ആയിട്ടുള്ളൂ എന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലത്തെത്തി വിഷയം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. എസ്.രാജേന്ദ്രന്‍, കെ.വിജയകുമാര്‍, ആടുവളളി മോഹു, ശിവജിപുരം ഭുവനേന്ദ്രന്‍, സജീന കാസിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram