ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് ഗ്രാമങ്ങള്‍ ഒരുങ്ങി

Posted on: 04 Sep 2015വെഞ്ഞാറമൂട്: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കായി ഗ്രാമങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ബാലഗോകുലം വെഞ്ഞാറമൂട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശോഭായാത്ര നെല്ലനാട് ഊരൂട്ട്മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച് പന്തപ്ലാവിക്കോണം വഴി വെള്ളാണിക്കര മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരും. ഇതിനു മുന്നോടിയായി വിളംബര ഘോഷയാത്ര, ഗോമാതാപൂജ എന്നീ പരിപാടികള്‍ നടന്നു.
ശാസ്താംനട കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന ശോഭായാത്ര തെള്ളിക്കച്ചാല്‍ കളരിക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ഏറത്തുവയല്‍ ജഗമോഹന ഗണപതി ക്ഷേത്രം വഴി തലയാറ്റുമല ധര്‍മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേരും.
ബാലഗോകുലം മുക്കുടില്‍ ചുള്ളാളം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ശോഭായാത്ര മുക്കുടില്‍ നിന്ന് ആരംഭിച്ച് ചുള്ളാളം ആയിരവല്ലി ക്ഷേത്രത്തില്‍ സമാപിക്കും. ബാലഗോകുലം കോലിയക്കോട് മണ്ഡലത്തിന്റെ ശോഭായാത്ര കീഴാമലയ്ക്കല്‍ ശിവക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് പൂലന്തറ ധര്‍മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും.
വലിയ കട്ടയ്ക്കാല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശോഭായാത്ര മുക്കുന്നൂര്‍ കണ്ഠശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് വലിയകട്ടയ്ക്കാല്‍ വഴി തേവലക്കര ഗണപതി ക്ഷേത്രത്തില്‍ സമാപിക്കും.
ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉറിയടി, ആകാശവിസ്മയക്കാഴ്ച, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.

More Citizen News - Thiruvananthapuram