ആരോരുമില്ലാത്തവര്‍ക്കൊപ്പം ഓണമാഘോഷിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍

Posted on: 04 Sep 2015ആറ്റിങ്ങല്‍: ആരോരുമില്ലാതെ വൃദ്ധസദനത്തില്‍ ജീവിതം കഴിച്ചുകൂട്ടുന്നവര്‍ക്കൊപ്പം ഓണമാഘോഷിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ എസ്.പി.സി. കേഡറ്റുകളാണ് ന്യൂ ജനറേഷന്‍ ഓണാഘോഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ നന്മയുടെ ഈ ഓണാഘോഷം നടത്തിയത്. അവനവഞ്ചേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലായിരുന്നു ഓണമാഘോഷിക്കാന്‍ കുട്ടികളെത്തിയത്. കുട്ടികള്‍ തന്നെ സമാഹരിച്ച ഓണക്കോടികള്‍ മുത്തച്ഛന്‍മാര്‍ക്കും മുത്തശ്ശിമാര്‍ക്കും സമ്മാനിച്ചു. വൃദ്ധസദനത്തിന്റെ മുറ്റത്ത് അത്തപ്പൂക്കളം ഒരുക്കിക്കൊണ്ട് തുടങ്ങിയ ഓണാഘോഷത്തില്‍ പായസം ഉള്‍പ്പെടെ ഓണവിഭവങ്ങളുടെ വിതരണവും ഓണപ്പാട്ടുകളും മിഴിവേകി. കുട്ടികള്‍ക്കൊപ്പം ഓണവിശേഷങ്ങള്‍ പങ്കുെവച്ചപ്പോള്‍ അന്തേവാസികളില്‍ പലരുടെയും കണ്ണുകള്‍ സന്തോഷം കൊണ്ട് നനഞ്ഞു. ആറ്റിങ്ങല്‍ സി.ഐ. എം.അനില്‍കുമാര്‍ ഈ വ്യത്യസ്തമായ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സി.പി.ഒ. എന്‍.സാബു, ഡി.ഉണ്ണികൃഷ്ണന്‍, മണികണ്ഠന്‍ മാനവസേവ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram