സ്‌കൂള്‍ സമയത്ത് ബസ്സില്ല; വെട്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും വലയുന്നു

Posted on: 04 Sep 2015വര്‍ക്കല: സ്‌കൂള്‍ സമയത്ത് ആവശ്യത്തിന് ബസ്സുകളില്ലാത്തത് വെട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ബുദ്ധിമുട്ടിലാക്കുന്നു. വര്‍ക്കലയില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം മാറി തീരദേശമേഖലയായ താഴെവെട്ടൂരിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ആറ് സ്വകാര്യബസ്സുകള്‍ക്ക് റൂട്ടില്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും മിക്കവയും പതിവായി ട്രിപ്പ് മുടക്കുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. പല പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളിലെത്തുന്നുണ്ട്. ഇവരെല്ലാം വര്‍ക്കലയില്‍ നിന്ന് സ്‌കൂളിലെത്താന്‍ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. സ്‌കൂള്‍ സമയത്ത് ബസ്സുകള്‍ സര്‍വീസ് ഇല്ലാത്തത് കാരണം അധിക തുക നല്‍കി ഓട്ടോറിക്ഷകളില്‍ യാത്രചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. 30 വര്‍ഷം മുമ്പേ ഈ റൂട്ടില്‍ സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് ട്രിപ്പുകള്‍ മുടക്കിയും പെര്‍മിറ്റുകള്‍ റദ്ദാക്കിയും പ്രദേശത്തെ യാത്രാദുരിതത്തിലാക്കി. വെട്ടൂര്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചതോടെ പ്രദേശവാസികളുടെ അഭ്യര്‍ഥന മാനിച്ച് ഇവിടേക്ക് പുതിയ പെര്‍മിറ്റുകള്‍ അനുവദിച്ചു. പെര്‍മിറ്റ് ലഭിച്ച ബസ്സുടമകള്‍ ആധ്യമൊക്കെ സര്‍വീസ് കൃത്യമായി നടത്തിയെങ്കിലും കാലക്രമേണ പല ബസ്സുകളും താഴെവെട്ടൂര്‍ യാത്ര ഒഴിവാക്കി. ഈ റൂട്ടിലെ ബസ്സുകള്‍ യാത്രക്കാര്‍ ഏറെയുള്ള സമയം മാത്രമാണ് വെട്ടൂരേക്ക് വരുന്നത്. അതിനും സ്ഥിരതയില്ലാത്തതിനാല്‍ ബസ് പ്രതീക്ഷിച്ച് നിന്നാല്‍ സമയത്ത് ലക്ഷ്യസ്ഥാനത്തെത്താനാവാത്ത സ്ഥിതിയാണ്.
വര്‍ക്കല-വിളബ്ഭാഗം-കടയ്ക്കാവൂര്‍ റൂട്ടിന് സമാന്തരമായി സ്ഥിതിചെയ്യുന്ന താഴെവെട്ടൂര്‍ റോഡ് വര്‍ക്കല കടയ്ക്കാവൂര്‍ യാത്രയ്ക്ക് ചുരുങ്ങിയ സമയത്തില്‍ ഉപയോഗിക്കാവുന്നതാണ്. വിളബ്ഭാഗം-കടയ്ക്കാവൂര്‍ റൂട്ടില്‍ എപ്പോഴും ബസ്സുകള്‍ സര്‍വീസ് നടത്തുമ്പോള്‍ താഴെവെട്ടൂര്‍ റൂട്ടില്‍ ഒരു ബസ്സുപോലും അനുവദിച്ചിട്ടില്ല. മികച്ച നിലവാരത്തില്‍ നിര്‍മിച്ച റോഡുണ്ടായിട്ടാണ് ഈ ഗതി. റാത്തിക്കല്‍, അരിവാളം, താഴെവെട്ടൂര്‍, ചുമടുതാങ്ങിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് യാത്രക്കാരും ബസ്സില്ലാത്തതിനാല്‍ ബുദ്ധിമുട്ടുനുഭവിക്കുന്നു. സ്‌കൂള്‍ സമയം കണക്കിലെടുത്ത് രാവിലെ 8.30 മുതല്‍ 10 വരെയും വൈകീട്ട് 3.15 മുതല്‍ 5 വരെയുമുള്ള സമയത്ത് ഈറൂട്ടില്‍ ബസ്സുകളുടെ സമയം പുനഃക്രമീകരിക്കുകയോ പുതിയ റൂട്ട് അനുവദിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്. റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ആരംഭിക്കണമെന്നും ആവശ്യമുണ്ട്. വെട്ടൂര്‍ സ്‌കൂളിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വെട്ടൂര്‍ ബിനു ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി.

More Citizen News - Thiruvananthapuram