കലാശ്രേഷ്ഠ പുരസ്‌കാരം കാനായി കുഞ്ഞിരാമന് സമ്മാനിച്ചു

Posted on: 04 Sep 2015തിരുവനന്തപുരം: കാഞ്ഞങ്ങാട് നാടന്‍ കലാ ഗവേഷണ പാഠശാലയുടെ മൂന്നാമത് കലാ-സേവന-ഗ്രന്ഥശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. പുരസ്‌കാരങ്ങള്‍ കവയിത്രി സുഗതകുമാരി വിതരണം ചെയ്തു. കലാശ്രേഷ്ഠ പുരസ്‌കാരം ശില്പി കാനായി കുഞ്ഞിരാമനും സേവനശ്രേഷ്ഠാ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍ കേവീസും ഏറ്റുവാങ്ങി. ഗ്രന്ഥശ്രേഷ്ഠാ പുരസ്‌കാര ജേതാവ് എഴുത്തുകാരന്‍ കമലാസനന് വേണ്ടി രാമചന്ദ്രകുറുപ്പാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ കമലാസനന്‍ ചടങ്ങിന് എത്തിയിരുന്നില്ല.
ശില്പി ശ്യാമ ശശി രൂപകല്പന ചെയ്ത പഞ്ചലോഹ ശില്പവും പ്രശസ്തിപത്രവും പണക്കിഴിയും അടങ്ങുന്നതാണ് പുരസ്‌കാരം. കാനായി കുഞ്ഞിരാമന്‍ പണക്കിഴി സംഘാടകര്‍ക്ക് തിരികെ നല്‍കി. എന്‍ഡോസള്‍ഫാന്‍ ബാധിതരെ കുറിച്ച് പാഠശാല തയ്യാറാക്കുന്ന വാര്‍ത്താചിത്രത്തിനുവേണ്ടി ഈ പണം ഉപയോഗിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
ചടങ്ങില്‍ പാഠശാലയ്ക്ക് വേണ്ടി മൈക്കീല്‍ രവീന്ദ്രന്‍ വൈദ്യര്‍ സുഗതകുമാരിക്ക് ഉപഹാരം നല്‍കി ആദരിച്ചു. പാഠശാല ചെയര്‍മാന്‍ ചന്ദ്രന്‍ മുട്ടത്ത് അധ്യക്ഷനായ ചടങ്ങില്‍ വത്സന്‍ പീലിക്കോട്, സുനില്‍ ചെറുവത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram