സഹോദരനെ കൊന്ന സംഭവം: കൃത്യം നടത്തിയത് കോവളത്തെ റിസോര്‍ട്ടില്‍വെച്ച്‌

Posted on: 04 Sep 2015വിഴിഞ്ഞം: യുവാവിനെ കൊന്ന് ചാക്കില്‍ക്കെട്ടി കടലില്‍ താഴ്ത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ പുതിയ കണ്ടെത്തലുകള്‍. കൊലപാതകം നടത്തിയത് കോവളത്തെ റിസോര്‍ട്ടില്‍വെച്ചാണെന്നും മൃതദേഹം കടലില്‍ തള്ളാന്‍ കൊണ്ടുപോയത് കാറിലാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
ആഗസ്ത് 18നാണ് പുല്ലുവിള കടപ്പുറത്ത് ചാക്കില്‍ക്കെട്ടിയ നിലയില്‍ മുല്ലൂര്‍ സ്വദേശി ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. ഷാജിയുടെ സഹോദരന്‍ സതീഷാണ് കൊലചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അന്വേഷണച്ചുമതല വിഴിഞ്ഞം സി.െഎ.ക്കായിരുന്നു.
താന്‍ ഒറ്റയ്ക്ക് കൊലപാതകം നടത്തി മൃതദേഹം ചാക്കില്‍ക്കെട്ടി സ്‌കൂട്ടറില്‍ വിഴിഞ്ഞം ഹാര്‍ബറിന് സമീപം കടലില്‍ തള്ളിയെന്നായിരുന്നു പ്രതിയുടെ മൊഴി. ഇത് സാമാന്യയുക്തിക്ക് നിരക്കാത്തതായിരുന്നു. ഇതിനെത്തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിഴിഞ്ഞം സി.ഐ.യുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തു. പ്രതിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു. കൊലപാതകം നടന്ന ദിവസം സതീഷ് കോവളത്തുള്ള ഒരു റിസോര്‍ട്ടില്‍ മുറിയെടുത്ത വിവരം ചോദ്യംചെയ്യലില്‍നിന്ന് ലഭിച്ചത് കേസില്‍ വഴിത്തിരിവായി.
മണല്‍ക്കടത്ത് നടത്തിയിരുന്ന കൊല്ലപ്പെട്ട ഷാജി, സതീഷിനെയും ഭാര്യയെയും നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഷാജിയുടെ മണല്‍ക്കടത്ത് വാഹനങ്ങള്‍ പോലീസ് പിടിച്ചതിനുപിന്നില്‍ സതീഷാണെന്ന ധാരണയില്‍ ഷാജി സതീഷിനെതിരെ വധഭീഷണി മുഴക്കിയിരുന്നു.
നേരിട്ട് ഷാജിയെ ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ ആവില്ലെന്നുകണ്ട് സതീഷ്, തന്റെയും ഷാജിയുടെയും പൊതുസുഹൃത്തായ അരുണ്‍ എന്നുവിളിക്കുന്ന ആരോഗ്യദാസിന്റെ സഹായം തേടുകയായിരുന്നു. സമീപകാലത്ത് പുറത്തിറങ്ങിയ ഒരു മലയാള സിനിമയില്‍, മൃതദേഹം ചാക്കില്‍ക്കെട്ടി മറവുചെയ്ത നായകന്‍ പോലീസിനെ കബളിപ്പിക്കുന്നതും അടുത്തകാലത്ത് കോവളത്ത് കടലില്‍ മുങ്ങിയ ചെറുപ്പക്കാരുടെ മൃതദേഹം കണ്ടുകിട്ടാത്തതും ഷാജിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി കടലില്‍ താഴ്ത്താന്‍ സതീഷിനെ പ്രേരിപ്പിച്ചു.
ആരോഗ്യദാസിനെക്കൊണ്ട് ഷാജിയെ വിളിപ്പിച്ച് നേരത്തെ ബുക്കുചെയ്തിരുന്ന കോവളത്തെ റിസോര്‍ട്ടില്‍ എത്തിച്ച് ഷാജിയെ അമിതമായി മദ്യപിപ്പിച്ചു. രാത്രിയില്‍ റിസോര്‍ട്ടില്‍ എത്തിയ സതീഷ് ആരോഗ്യദാസിന്റെ സഹായത്താല്‍ നേരത്തെ കൈയില്‍ കരുതിയിരുന്ന തോര്‍ത്തുകൊണ്ട് ഷാജിയുടെ കഴുത്തില്‍ മുറുക്കുകയും നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു തോര്‍ത്തുകൊണ്ട് വായും മൂക്കും മൂടിക്കെട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുെന്നന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നേരത്തെ വാടകയ്‌ക്കെടുത്തിരുന്ന കാറില്‍ സ്വന്തം വീട്ടിലെത്തി ചാക്കും പ്ലാസ്റ്റിക്ക് ചരടുകളും എടുത്ത് തിരികെ റിസോര്‍ട്ടില്‍ എത്തി മൃതദേഹത്തിന്റെ കൈയും കാലും കൂട്ടിക്കെട്ടി ചാക്കിലാക്കി കാറിന്റെ ഡിക്കിയില്‍ കയറ്റി വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെത്തി. യാത്രാമധ്യേ വഴിയില്‍നിന്നെടുത്ത പാറക്കല്ല് ചാക്കിനോട് ചേര്‍ത്തുകെട്ടി കടലില്‍ തള്ളുകയായിരുന്നു.
മകനെ കാണാതായതിനെ തുടര്‍ന്ന് ഷാജിയുടെ അച്ഛന്‍ രത്‌നസ്വാമി അന്വേഷിച്ചപ്പോഴെല്ലാം സതീഷ്, രത്‌നസ്വാമിയെ സമാധാനിപ്പിച്ചിരുന്നു. ഷാജിയാണെന്ന ഭാവത്തില്‍ സതീഷ് പല ഫോണ്‍ നമ്പരുകളില്‍നിന്ന് രത്‌നസ്വാമിയെ വിളിച്ച് താന്‍ ജോലിയാവശ്യത്തിനായി ദൂരെ നില്‍ക്കുകയാണെന്ന് പറഞ്ഞിരുന്നു. സതീഷ് പരസ്​പരവിരുദ്ധമായി സംസാരിക്കുന്നതില്‍ സംശയം തോന്നിയ രത്‌നസ്വാമി, കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടതോടെ പോലീസിനെ സമീപിച്ചു. ഇതിനെത്തുടര്‍ന്ന് സതീഷ് പോലീസിന്റെ പിടിയിലാകുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


69


തെളിവെടുപ്പിനായി പ്രതിയെ സംഭവസ്ഥലത്തേക്ക് കൊണ്ടുവരുന്നു
കൃത്യം നടത്തിയശേഷം മൃതദേഹം കടലില്‍ത്തള്ളാന്‍ കൊണ്ടുപോകാനുപയോഗിച്ച കാര്‍ പോലീസ് പരിശോധിക്കുന്നു

More Citizen News - Thiruvananthapuram