യാത്രക്കാരനില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച: ആര്‍.പി.എഫ്. ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ തെളിവുകള്‍

Posted on: 04 Sep 2015നിരവധിപ്പേര്‍ കവര്‍ച്ചയ്ക്കിരയായതായി സംശയം


തിരുവനന്തപുരം: യാത്രക്കാരനില്‍നിന്ന് സ്വര്‍ണവും പണവും പിടിച്ചുപറിച്ച കേസില്‍ അറസ്റ്റിലായ െറയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സുരേഷ്(31) നിരവധിപ്പേരില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയതായി റെയില്‍വേ പോലീസ്. സ്വര്‍ണവുമായി എത്തുന്ന ജുവലറി ഉടമകളില്‍നിന്നും യാത്രികരില്‍നിന്നും ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കവര്‍ച്ച നടത്തുന്നത്. റെയില്‍വേ സ്റ്റേഷനിലെ സി.സി. ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്റെ പവര്‍ഹൗസ് റോഡിലുള്ള പ്രവേശനകവാടത്തില്‍െവച്ചാണ് കേസിനാസ്​പദമായ സംഭവം നടന്നത്. കഴിഞ്ഞ 29ന് ഗുരുവായൂര്‍ എക്‌സ്​പ്രസ്സില്‍ പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ജുവലറി ഉടമയെ ഭീഷണിപ്പെടുത്തി സുരേഷ് സ്വര്‍ണം കവരുകയായിരുന്നു. സുരക്ഷയുടെ ഭാഗമായുള്ള സ്‌കാനര്‍ പരിശോധനയ്ക്കിടയിലാണ് യാത്രികന്റെ ബാഗില്‍ 304 ഗ്രാം സ്വര്‍ണമുണ്ടെന്ന് ഇയാള്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് പകുതി സ്വര്‍ണം ആവശ്യപ്പെടുകയായിരുന്നു. ഇതിന് സമ്മതിക്കാതിരുന്ന യാത്രികനെ ഭീഷണിപ്പെടുത്തി ഇരുട്ടുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി 61.5 ഗ്രാം സ്വര്‍ണം കവര്‍ന്നുവെന്നാണ് പോലീസ് പറയുന്നത്.
ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സി.സി. ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതില്‍നിന്നാണ് ഇയാള്‍ നിരവധിപ്പേരില്‍നിന്ന് ഇത്തരം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.

More Citizen News - Thiruvananthapuram