ലാല്‍കൃഷ്ണയ്ക്ക് സഹപാഠികള്‍ കണ്ണീരോടെ വിടനല്‍കി

Posted on: 04 Sep 2015തിരുവനന്തപുരം: നീന്തല്‍ പരിശീലനത്തിനിടയില്‍ മുങ്ങിമരിച്ച മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ഥി ലാല്‍കൃഷ്ണയ്ക്ക് സഹപാഠികളും സുഹൃത്തുക്കളും കണ്ണീരോടെ വിടനല്‍കി. വ്യാഴാഴ്ച രാവിലെ കോളേജില്‍ മൃതദേഹം പൊതുദര്‍ശനത്തിന്‌ െവച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണുണ്ടായത്.
പൗഡിക്കോണം ശ്രീവത്സത്തില്‍ രഘുവിന്റെയും ലേഖയുടെയും മകനായ ലാല്‍കൃഷ്ണ (21) ബുധനാഴ്ച വൈകീട്ടാണ് അപകടത്തില്‍ മരിച്ചത്. മണ്ണന്തല ചെങ്കേരി െമാട്ടവിളാകം കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്തുമ്പോള്‍ ചെളിനിറഞ്ഞ സ്ഥലത്ത് താഴ്ന്നുപോവുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാരെത്തി ലാല്‍കൃഷ്ണയെ കരയ്‌ക്കെടുത്ത്, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച രാവിലെ കോളേജില്‍ മൃതദേഹം പൊതുദര്‍ശനത്തിന്‌ െവച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ വാവിട്ടുകരഞ്ഞു. അധ്യാപകര്‍ക്കും കൂടിനിന്നവര്‍ക്കും ദുഃഖം താങ്ങാനായില്ല. ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ലാല്‍കൃഷ്ണയുടെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ആനന്ദവല്ലി, കോളേജ് ബര്‍സര്‍ ഫാ. ഷീന്‍ പാലക്കുഴി എന്നിവരും അധ്യാപകരും വിദ്യാര്‍ഥികളും അന്ത്യാഞ്ജലിയര്‍പ്പിച്ചു.
നിരവധി ബൈക്കുകളുടെ അകമ്പടിയോടെ പൗഡിക്കോണത്തെ വീട്ടിലേക്ക് ലാല്‍കൃഷ്ണയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര നീങ്ങി. മൃതദേഹം വീട്ടിലേക്ക് എടുത്തപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും ദുഃഖം അണപൊട്ടി. അവിടെ അന്ത്യോപചാരത്തിനുശേഷം ശവസംസ്‌കാരം നടന്നു. ലാല്‍കൃഷ്ണയുടെ മരണത്തെ തുടര്‍ന്ന് വ്യാഴാഴ്ച മാര്‍ ഇവാനിയോസ് കോളേജിന് അവധിയായിരുന്നു.

More Citizen News - Thiruvananthapuram