പള്ളി മാറ്റിസ്ഥാപിക്കല്‍ നടപടികളില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറി: വിഷയം സര്‍ക്കാരിന് മുന്‍പിലേക്ക്‌

Posted on: 04 Sep 2015കരമന-കളിയിക്കാവിള പാത വികസനം


തിരുവനന്തപുരം:
കരമന-കളിയിക്കാവിള പാത വികസനവുമായി ബന്ധപ്പെട്ട് പാപ്പനംകോട്, റോഡരികിലുള്ള പള്ളി മാറ്റിസ്ഥാപിക്കുന്ന നടപടികളില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറി. പള്ളി മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി കരുമം റോഡിനോട് ചേര്‍ന്നുള്ള ബി.എസ്.എന്‍.എല്ലിന്റെ ഒമ്പതു സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം പിന്മാറുന്നതെന്നും വിഷയം സര്‍ക്കാരിന് വിടുന്നതെന്നും ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
നേരത്തേ സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് പള്ളി മാറ്റിസ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സി. വക സ്ഥലം കണ്ടെത്തിയെങ്കിലും സ്ഥലം നല്‍കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായില്ല. പള്ളിക്ക് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യഭൂമി പുനരധിവാസ ആവശ്യത്തിലേക്കായി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ച് നടപടികള്‍ തുടരവേ സ്ഥലമുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് പൊന്നുംവില നടപടികള്‍ തുടരുന്നത് കോടതി തടയുകയും ചെയ്തു.
അതിനുശേഷം മറ്റൊരു സ്വകാര്യഭൂമി വാങ്ങി പള്ളി മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥലമുടമ നഷ്ടപരിഹാരമായി വന്‍തുക ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പൊന്നുംവില നടപടികള്‍ നടന്നുവന്നിരുന്ന ബി.എസ്.എന്‍.എല്‍. വക ഒരേക്കര്‍ ഭൂമിയില്‍ നിന്ന് ഒമ്പത് സെന്റ് ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എന്നാല്‍ പള്ളി മാറ്റിസ്ഥാപിക്കുന്നതിനെതിരെ ബി.എസ്.എന്‍.എല്‍. തൊഴിലാളി സംഘടനകള്‍, ബി.ജെ.പി., ഹിന്ദു ഐക്യവേദി എന്നീ സംഘടനകള്‍ കടുത്ത നിലാപാടുമായി മുന്നോട്ടുവന്നു.
പള്ളി മാറ്റിസ്ഥാപിക്കല്‍ അനിശ്ചിതത്വത്തിലാവുകയും കരമന-കളിയിക്കാവിള പാത വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ സംഘടനാ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പള്ളി മാറ്റിസ്ഥാപിക്കുന്ന വിഷയം സര്‍ക്കാരിലേക്ക് റഫര്‍ ചെയ്യുന്നതെന്നും കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram