ആഘോഷമായി ഗ്രാമോത്സവം

Posted on: 04 Sep 2015പൂഴിക്കുന്ന്: കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡില്‍ നടത്തിയ 'സുന്ദരഗ്രാമം' എന്ന പരിപാടി ബ്ലോക്ക് മെമ്പര്‍ എഫ്.ലോറന്‍സ് ഉദ്ഘാടനം ചെയ്തു. കുളത്തൂര്‍ ജി.എം.യു.പി.എസ്സിലെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ 'ഹെല്‍ത്ത് കാര്‍ഡ്' വിതരണം ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി ഉദ്ഘാടനംചെയ്തു. ചെങ്കല്‍ പഞ്ചായത്തില്‍ നടത്തിയ 'എന്റെ മരം' പദ്ധതി ചെങ്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എച്ച്.സുഗന്ധിയും സഞ്ചരിക്കുന്ന 'പ്രമേഹരോഗ നിര്‍ണയക്യാമ്പ്' പൊഴിയൂര്‍ ഇടവക വികാരി ഫാ. ഷാജിന്‍ജോസും 'രക്തദാന പരിപാടി' പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രകുമാറും ഉദ്ഘാടനം ചെയ്തു.
ഈ വര്‍ഷത്തെ ഗ്രാമോത്സവം മുന്‍ ചീഫ് സെക്രട്ടറി രാമചന്ദ്രന്‍നായരും ഗുരുവന്ദനം പരിപാടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ശ്രീജിത്തും ഉദ്ഘാടനംചെയ്തു. യോഗത്തില്‍ വിദ്യാഭ്യാസ, കലാ-കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ 200-ല്‍പ്പരം വിദ്യാര്‍ഥികളെയും നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ മാതൃക അധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട രേണുകാദേവി തങ്കച്ചിയെയും താലൂക്കിലെ മികച്ച പൊതുപ്രവര്‍ത്തകനായി തിരഞ്ഞെടുക്കപ്പെട്ട അയണിത്തോട്ടം കൃഷ്ണന്‍നായരെയും ആദരിച്ചു.
ചെങ്കല്‍, കുളത്തൂര്‍, കാരോട് പഞ്ചായത്തുകളിലെ മുതിര്‍ന്ന തലമുറകളിലെ വ്യക്തികളെ ആദരിച്ച 'സുകൃത സായന്തനം' എന്ന പരിപാടി വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. താലൂക്കിലെ മികച്ച ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ട ചെങ്കല്‍ സ്വാതന്ത്ര്യദിന സ്മാരക ഗ്രന്ഥശാലയ്ക്ക് നാഗപ്പന്‍നായര്‍ ട്രോഫി സമ്മാനിച്ചു.
ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ.യേശുദാസിനെ ആദരിച്ച 'ശ്രാവണസംഗമസന്ധ്യ' പരിപാടി ജസ്റ്റിസ്. ഡി.ശ്രീദേവി ഉദ്ഘാടനംചെയ്തു. 55,555 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന അവാര്‍ഡ് അഖിലേന്ത്യാ ഗാന്ധിമിത്രം പ്രസിഡന്റ് പി.ഗോപിനാഥന്‍നായര്‍ യേശുദാസിന് കൈമാറി. സി.എന്‍.എന്‍, ഐ.ബി.എന്‍. പുരസ്‌കാരം കരസ്ഥമാക്കിയ ഡി.ഐ.ജി. പി.വിജയനെയും ആദരിച്ചു. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 350-ലേറെ വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്‍കി. 'കര്‍ഷകസംഗമം' പരിപാടി കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ് ഉദ്ഘാടനംചെയ്തു. 2015-ലെ താലൂക്കിലെ മികച്ച ഫോട്ടോഗ്രാഫിക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു.

More Citizen News - Thiruvananthapuram