ബി.ജെ.പി. പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു

Posted on: 04 Sep 2015മുദാക്കല്‍: മുദാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.ലെനിനെ വ്യാഴാഴ്ച ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സമരക്കാര്‍ പ്രസിഡന്റിനെ കൈയേറ്റം ചെയ്തതായി പ്രസിഡന്റ് പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പതിനഞ്ച് ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രസിഡന്റിനെ തടഞ്ഞു െവച്ചത്. നെല്ലിമൂട് മൃഗാശുപത്രിക്ക് സമീപത്തെ സ്ഥലം പ്രസിഡന്റിന്റെ ഒത്താശയോടെ സ്വകാര്യവ്യക്തി കൈയേറിയെന്നാരോപിച്ചായിരുന്നു സമരം. പഞ്ചായത്ത് വക ഭൂമി കൈയേറിയവര്‍ക്കെതിരെ നടപടി വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ മുറിയില്‍ കടന്നുകയറിയ പ്രവര്‍ത്തകര്‍ പ്രസിഡന്റിനെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
പ്രസിഡന്റിന്റെ പരാതിയിന്മേല്‍ കേസെടുത്ത പോലീസ് 15 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി എസ്.ഐ. ബി.ജയന്‍ പറഞ്ഞു.
ബി.ജെ.പി. പ്രതിനിധി ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ് മൃഗാശുപത്രിക്ക് സമീപത്തുകൂടി വഴിവേണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയ അപേക്ഷ ചര്‍ച്ചയ്‌ക്കെടുത്തതെന്ന് പ്രസിഡന്റ് പറഞ്ഞു. വഴി നല്‍കാനുള്ള തീരുമാനത്തിന് എല്ലാവരും അംഗീകാരം നല്‍കുകയായിരുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കി.

More Citizen News - Thiruvananthapuram