ഇഞ്ചിവിള-കാരാളി വളവില്‍ അപകടം തുടര്‍ക്കഥ; അഞ്ച് മാസത്തിനിടെ മരിച്ചത് പത്തുപേര്‍

Posted on: 04 Sep 2015നെയ്യാറ്റിന്‍കര: പാറശ്ശാലയ്ക്ക് സമീപം ഇഞ്ചിവിള-കാരാളി വളവില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇവിടെ പൊലിഞ്ഞത് പത്തിലേറെ ജീവനുകളാണ്. അപകടം തുടര്‍ക്കഥയാകുമ്പോഴും അപകടമൊഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
നെയ്യാറ്റിന്‍കര-കളിയിക്കാവിള റോഡില്‍ പാറശ്ശാലയ്ക്ക് സമീപത്താണ് ഇഞ്ചിവിളയിലെ അപകടവളവ്. ഈ വളവിന് നൂറ് മീറ്റര്‍ അടുത്തായാണ് കാരാളിയിലെ വളവ്. ഈ ഭാഗത്താണ് അപകടങ്ങള്‍ പതിവാകുന്നത്. ഇവിടെയുണ്ടായ അപകടത്തിലാണ് പാറശ്ശാല ഡിപ്പോയിലെ ഡ്രൈവറായ അബ്ദുള്‍ ഖാദര്‍ മരിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ അന്‍പതിലേറെ ചെറുതും വലുതുമായ അപകടങ്ങളാണ് ഈ ഭാഗത്തായി ഉണ്ടായിട്ടുള്ളത്.
രണ്ട് വളവുകള്‍ അടുത്തടുത്തായി വരുന്നതിനാലാണ് ഇവിടെ അപകടങ്ങള്‍ പതിവാകുന്നത്. അമിതവേഗമാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. അപകടമൊഴിവാക്കാനായി ബോര്‍ഡ് സ്ഥാപിക്കുക മാത്രമാണ് പോലീസ് ചെയ്തിട്ടുള്ളത്. ഇതൊഴിവാക്കിയാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് അപകടം ഉണ്ടാകുന്നത് തടയുന്നതിന് യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
റോഡ് ഡിവൈഡറുകളോ, സ്​പീഡ് ബ്രേക്കറുകളോ പോലീസ് ഇവിടെ സ്ഥാപിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇഞ്ചിവിളയ്ക്കും കാരാളിക്കും ഇടയിലായി സ്​പീഡ് ബ്രേക്കറുകള്‍ പോലീസ് സ്ഥാപിച്ചിരുന്നു. എന്നാല്‍ കുറെ വര്‍ഷമായി ഇവിടെ സ്​പീഡ് ബ്രേക്കറുകള്‍ ഇല്ല.
അപകടങ്ങള്‍ ഒഴിവാക്കാനായി സ്ഥിരം സംവിധാനമെന്ന നിലയില്‍ ഡിവൈഡറുകള്‍ നിര്‍മിക്കുകയാണ് വേണ്ടതെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് മൗനംപാലിക്കുകയാണ്. അപകടങ്ങള്‍ കുറയ്ക്കുന്നതിന് പോലീസിന്റെ വാഹന പരിശോധനയും നടത്തുന്നില്ല.

More Citizen News - Thiruvananthapuram