കോട്ടയ്ക്കലിലും പരിസരത്തും കുടിവെള്ളം കിട്ടാക്കനിയാകുന്നു

Posted on: 04 Sep 2015വെള്ളറട: കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി പരാതി. ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാര നടപടികള്‍ വൈകുന്നുവെന്ന് ആക്ഷേപം. പാലിയോട് വാര്‍ഡിലെ കോട്ടയ്ക്കല്‍, മലവിളക്കോണം, ചേന്തിക്കുഴി, മാങ്കാല, നുളളിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് അധികൃതരുടെ അനാസ്ഥ കുടിവെള്ളം കിട്ടാക്കനിയാക്കുന്നത്.
പലപ്പോഴും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന ഈ മേഖലയില്‍ നാട്ടുകാരുടെ നിരവധി പരാതികള്‍ക്കൊടുവിലാണ് ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചത്. കുന്നത്തുകാല്‍ കുടിവെള്ളപദ്ധതിയില്‍ നിന്നാണ് ഇവിടേയ്ക്കുള്ള കുടിവെള്ളമെത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് പമ്പിങ് തുടങ്ങിയെങ്കിലും നാമമാത്ര ദിവസങ്ങളിലാണ് ഇവിടെ വെള്ളം കിട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാരണത്താല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി കിലോമീറ്ററോളം ദൂരം താണ്ടി തലച്ചുമടായിട്ടാണ് വെള്ളം കൊണ്ടുവരുന്നതെന്ന് പരിസരവാസികള്‍ പറയുന്നു.
ഇടയ്ക്കിടെ വിതരണപൈപ്പുകള്‍ പൊട്ടുന്നതും യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് ജലവിതരണം നിലയ്ക്കാന്‍ കാരണമാകുന്നതെന്ന ആരോപണവുമുണ്ട്. നിരവധി കുടുംബങ്ങളുടെ ആശ്രയമായ ഈ പ്രദേശത്തെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് പാലിയോട് വാര്‍ഡ് മെമ്പര്‍ ടി.രതീഷ് ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram