ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ നാളെ നടക്കും

Posted on: 04 Sep 2015വെള്ളറട: അമ്പാടി കണ്ണന്റെ ജന്മദിനത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ തുടങ്ങും. ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളില്‍ ഗോപൂജ, നദി,വൃക്ഷ പൂജകള്‍, ഉറിയടി, ഭജനകള്‍, വൈജ്ഞാനിക മത്സരങ്ങള്‍, സാംസ്‌കാരിക പരീക്ഷ എന്നിവ സംഘടിപ്പിച്ചു.
ബാലഗോകുലം വെള്ളറട ഖണ്ഡിന്റെ ശോഭായാത്രകള്‍ യഥാക്രമം പുലിയൂര്‍ശാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, നെല്ലിശ്ശേരി ഭഗവതിക്ഷേത്രം, കിളിയൂര്‍ സുബ്രമണ്യക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങി വെള്ളറട ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി ചൂണ്ടിക്കല്‍ ഭദ്രകാളിദേവി ക്ഷേത്രത്തില്‍ സമാപിക്കും.
ആര്യങ്കോട് മണ്ഡലത്തിന്റെ ശോഭായാത്രകള്‍ മൈലച്ചല്‍, കരിക്കറത്തല, കുരവറ, മുക്കോലവിള, ആര്യങ്കോട്, ഇടവാല്‍ തുടങ്ങിയ ഏഴിടങ്ങളില്‍ നിന്ന് ആരംഭിച്ച് ഒറ്റശേഖരമംഗലം ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി ശ്രീമഹാദേവക്ഷേത്രത്തില്‍ സമാപിക്കും. കാരക്കോണം മണ്ഡലത്തിന്റെ ശോഭായാത്ര കന്നുമാമൂട് കരിവലക്കുഴി കാവില്‍ നിന്ന് തുടങ്ങി മാണിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, മണവാരിയിലേത് ആനാവൂര്‍ ഭദ്രകാളിക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ആഴാകുളം ധര്‍മശാസ്താക്ഷേത്രത്തിലും സമാപിക്കും.
കുടപ്പനമൂട് മണ്ഡലത്തിലെ ശോഭായാത്ര നെട്ടയില്‍ നിന്ന് തുടങ്ങി കോവില്ലൂര്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തിലും, ചെമ്പൂരിലേത് ചിലമ്പറ ദേവിക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് പുളിങ്കുടി ഭഗവതിക്ഷേത്രത്തിലും സമാപിക്കും. കന്നിതൂണ്‍മൂടില്‍ നിന്ന് തുടങ്ങുന്ന അമ്പൂരിയിലെ ശോഭായാത്ര ചാക്കപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

More Citizen News - Thiruvananthapuram