പൊതുപണിമുടക്ക് നെയ്യാറ്റിന്‍കര മേഖലയില്‍ പൂര്‍ണം

Posted on: 03 Sep 2015ആറയൂര്‍ സഹകരണ ബാങ്കില്‍ സംഘര്‍ഷം
നെയ്യാറ്റിന്‍കര: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍നയത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തിയ പൊതുപണിമുടക്ക് നെയ്യാറ്റിന്‍കര താലൂക്കില്‍ ഹര്‍ത്താലായി മാറി. സര്‍ക്കാര്‍ ഓഫീസുകളൊന്നും പ്രവര്‍ത്തിച്ചില്ല. താലൂക്ക് ഓഫീസില്‍ 25 ജീവനക്കാര്‍ ഹാജരായി. ആറയൂര്‍ സഹകരണ ബാങ്ക് തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി.

കോണ്‍ഗ്രസ് ഭരിക്കുന്ന ആറയൂര്‍ സഹകരണബാങ്കില്‍ ചില ജീവനക്കാര്‍ എത്തി ബാങ്ക് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടത്തി. ഈ സമയം പ്രകടനമായെത്തിയ സമരാനുകൂലികള്‍ ഇതിനെ ചോദ്യംചെയ്തത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. സംഭവമറിഞ്ഞ് പാറശ്ശാല പോലീസ് സ്ഥലത്തെത്തി. ബാങ്ക് അടപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നത്.

താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ ഹാജരായെങ്കിലും ഓഫീസ് പ്രവര്‍ത്തിച്ചില്ല. കെ.എസ്.ആര്‍.ടി.സി. നെയ്യാറ്റിന്‍കര, വെള്ളറട, പൂവാര്‍, പാറശ്ശാല, വിഴിഞ്ഞം ഡിപ്പോകളില്‍നിന്ന് ഒരു ബസ്സുപോലും സര്‍വീസ് നടത്തിയില്ല. പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്നത് ജനത്തെ വലച്ചു. ഇരുചക്ര വാഹനങ്ങളും ചുരുക്കം കാറുകളും നിരത്തിലിറങ്ങി. ബാലരാമപുരത്ത് കടകളൊന്നും തുറന്നില്ല. നെയ്യാറ്റിന്‍കര ടൗണില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. നേതാവ് ശ്രീകുമാര്‍ അധ്യക്ഷനായി.

സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സി.കെ.ഹരീന്ദ്രന്‍, സി.ഐ.ടി.യു. ജില്ലാ േജായിന്റ് സെക്രട്ടറി വി.കേശവന്‍കുട്ടി, ഐ.എന്‍.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് അമരവിള സുദേവകുമാര്‍, സി.പി.എം. ഏരിയാ സെക്രട്ടറി കെ.ആന്‍സലന്‍, നെയ്യാറ്റിന്‍കര അജിത്, ഗ്രാമം പ്രവീണ്‍, ആര്‍.വി.വിജയബോസ്, അയ്യപ്പന്‍നായര്‍, കെ.കെ.ഷിഷു, കെ.ആര്‍.പദ്മകുമാര്‍, സബീര്‍, ജയദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൊതുപണിമുടക്ക് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും വലച്ചു.പാറശ്ശാല താലൂക്ക് ആശുപത്രി, പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും രോഗികള്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. ആശുപത്രികളില്‍ സാമൂഹികസംഘടനകള്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.

വെള്ളറട: ദേശീയ പണിമുടക്ക് മലയോരമേഖലയില്‍ ഏറെക്കുറെ പൂര്‍ണം. എന്നാല്‍ അതിര്‍ത്തിക്കപ്പുറത്ത് എല്ലാം പതിവുപോലെ നടന്നു. വെള്ളറട, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കുന്നത്തുകാല്‍, അമ്പൂരി തുടങ്ങിയ ഗ്രാമപ്പഞ്ചായത്തുകളിലെ പ്രധാന കവലകളിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി ബസുകളും, മറ്റ് സമാന്തര സര്‍വീസുകളും നിരത്തിലിറങ്ങിയില്ല. സ്‌കുളുകളും ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. പനച്ചമുട്ടിലെ മലഞ്ചരക്ക് വ്യാപാരകേന്ദ്രത്തില്‍ കച്ചവടം നടന്നു.കൂടാതെ ഇവിടെ ഓട്ടോറിക്ഷകളും സവാരി നടത്തി.

ആനപ്പാറ, ആറാട്ടുകൂഴി, കത്തിപ്പാറ, ചെറിയകൊല്ല തുടങ്ങിയ പ്രദേശങ്ങളില്‍ കടകള്‍ തുറന്നിരുന്നു. അതിര്‍ത്തിപ്രദേശങ്ങളില്‍ പതിവ് പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചില്ല. തമിഴ്‌നാട് ബസുകളും, സമാന്തര വാഹനങ്ങളും കളിയിക്കാവിള, ദേവികോട് തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങള്‍ വരെ സര്‍വീസ് നടത്തി മടങ്ങി. അവിടത്തെ പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത് മറ്റ് ഇരുചക്രവാഹനയാത്രികര്‍ക്ക് അനുഗ്രഹമായി. കൂടാതെ അതിര്‍ത്തിലെ ബാറുകളിലും വിദേശമദ്യഷാപ്പുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.

പൂവാര്‍: തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തീരപ്രദേശങ്ങളില്‍ പൂര്‍ണമായിരുന്നു. വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നില്ല. വാഹന ഗതാഗതം തടസ്സപെട്ടു. അപൂര്‍വം സ്വകാര്യവാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. കെ.എസ്.ആര്‍.ടി.സി. പൂവാര്‍ ഡിപ്പോയില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും മുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. കാഞ്ഞിരംകുളം, പൂവാര്‍, പഴയകട തുടങ്ങിയ സ്ഥലങ്ങളില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തി.

More Citizen News - Thiruvananthapuram