ഗുരുദേവജയന്തി ആഘോഷിച്ചു

Posted on: 03 Sep 2015ചേരപ്പള്ളി: പറണ്ടോട് അയിത്തി 1878-ാം നമ്പര്‍ മഹാകവി കുമാരനാശാന്‍ ജന്മശതാബ്ദി സ്മാരക എസ്.എന്‍.ഡി.പി. ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവജയന്തി ആഘോഷിച്ചു. ശാഖാപ്രസിഡന്റ് ഡി. സനല്‍കുമാര്‍ പതാക ഉയര്‍ത്തി. നാടന്‍കലാരൂപങ്ങള്‍, നൃത്തം, ഫ്‌ളോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തി. പൊട്ടന്‍ചിറ, ചേരപ്പള്ളി, മൈലാടുംപാറ, വെട്ടിച്ചാന്‍കുന്ന്, ബൗണ്ടര്‍മുക്ക്, മഞ്ചാടിനിന്നവിള, മൂന്നാറ്റുംമുക്ക്, മരുതുംമൂട് വഴിയായിരുന്നു ഘോഷയാത്ര.
താലപ്പൊലി ഏന്തിയ ബാലികമാരുടെയും മുത്തുക്കുട ചൂടിയ പീതാംബരധാരികളായ മൈക്രോയൂണിറ്റ് അംഗങ്ങളുടെയും ഘോഷയാത്ര പറണ്ടോട് ജങ്ഷനില്‍ നിന്നും ആരംഭിച്ച് താഴെമുക്ക്, മുള്ളങ്കല്ല് വഴി ശാഖയില്‍ എത്തിച്ചേര്‍ന്നതിന്‌ശേഷം ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികളെ കാഷ് അവാര്‍ഡും പഠനോപകരണങ്ങളും വിതരണം ചെയ്ത് ആദരിച്ചു.
പോലീസ് വകുപ്പില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച ഐത്തി മേലേടത്ത് വീട്ടില്‍ ബി. വിജയനെ പൊന്നാടയും ശില്പവും നല്‍കി ആദരിച്ചു. ശാഖാതിര്‍ത്തിയില്‍ വിവിധങ്ങളായ രോഗങ്ങള്‍ക്ക് അടിമപ്പെട്ട് കഴിയുന്ന നിര്‍ധനരായ വ്യക്തികള്‍ക്ക് ചികിത്സാസഹായവും വിതരണം ചെയ്തു.
ചേരപ്പള്ളി:
പറണ്ടോട് പോങ്ങോട് എ.എസ്. പ്രതാപ്‌സിങ് സ്മാരക എസ്.എന്‍.ഡി.പി. ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവജയന്തി ആഘോഷിച്ചു. ശാഖാപ്രസിഡന്റ് കെ.വി. ശശിധരപ്പണിക്കരുടെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗം യൂണിയന്‍ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാഹനഘോഷയാത്ര, കരോക്കെ ഗാനമേള എന്നിവയും ഉണ്ടായിരുന്നു. പനയ്‌ക്കോട് 906-ാംനമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തല്‍, പായസനിവേദ്യം, ഗുരുദേവപാരായണം, ഗുരുപൂജ എന്നിവ നടത്തി. പ്രസിഡന്റ് എസ്. ഉദയകുമാറും സെക്രട്ടറി പി. ജനാര്‍ദ്ദനനും നേതൃത്വം നല്‍കി. പരുത്തിപ്പള്ളി 914-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ ആഭിമുഖ്യത്തില്‍ വിശേഷാല്‍ പൂജകള്‍, ഘോഷയാത്ര, സാംസ്‌കാരികസമ്മേളനം എന്നിവ നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എസ്. വിവേകാനന്ദന്‍, ചെയര്‍മാന്‍ ബി. ശശി, വൈസ് ചെയര്‍മാന്‍ എസ്. രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram