പട്ടികവര്‍ഗ മേഖലയിലെ പൊന്‍പാറ-ചിറ്റിക്കുന്ന് റോഡുപണി നിലച്ചു

Posted on: 03 Sep 2015വിതുര: അരുവിക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ പൊന്‍പാറ- ചിറ്റിക്കുന്ന് റോഡുപണി ഇപ്പോള്‍ നിലച്ച അവസ്ഥയിലെന്ന് പരാതി. തൊളിക്കോട് പഞ്ചായത്തിലെ പട്ടികവര്‍ഗ മേഖലയിലാണ് 30 ലക്ഷത്തിന്റെ റോഡുപണി തുടങ്ങിയപാടേ നിര്‍ത്തിവെച്ചത്. പാറകള്‍ നിറഞ്ഞ ഈ വഴിയിലൂടെ സഞ്ചരിച്ചുമടുത്ത ആദിവാസികള്‍ റോഡുപണി പുനഃരാരംഭിക്കാന്‍ സമരത്തിന് തയ്യാറെടുക്കുകയാണ്.
പൊന്‍പാറ-ചിറ്റിക്കുന്ന് റോഡുപണിക്കായി പട്ടികവര്‍ഗ വകുപ്പാണ് 30 ലക്ഷം രൂപയനുവദിച്ചത്. വെള്ളനാട് ബ്ലോക്ക്പഞ്ചായത്തിന് തുക കൈമാറുകയും ചെയ്തു. 2014 ഒക്ടോബര്‍ 23-ലെ സംസ്ഥാനതല വര്‍ക്കിങ് ഗ്രൂപ്പ് പദ്ധതി പാസ്സാക്കുകയും ചെയ്തു. 2013-ല്‍ നെടുമങ്ങാട് ഐ.ടി.ഡി.പി. ഫീസിബിലിറ്റി നല്‍കി അംഗീകരിച്ച ഏഴ് റോഡുകളില്‍ ആദ്യത്തേതാണിത്. ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനന്‍ ത്രിവേണിക്ക് ലഭിച്ച വിവരാവകാശ രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഈ പട്ടികയിലെ ആറ് റോഡുകളും പണിതുകഴിഞ്ഞിട്ടും പൊന്‍പാറ-ചിറ്റിക്കുന്ന് റോഡുപണി തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. ഉടന്‍ പണി പുനഃരാരംഭിക്കുമെന്ന മറുപടിയാണ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് കിട്ടുന്നത്. ഇനിയും വൈകിയാല്‍ വെള്ളനാട്ട് പോയി ധര്‍ണ നടത്തുമെന്ന് ആദിവാസികള്‍ പറയുന്നു.


More Citizen News - Thiruvananthapuram