ആറ്റിങ്ങലില്‍ പണിമുടക്ക് സമാധാനപരം

Posted on: 03 Sep 2015ആറ്റിങ്ങല്‍: തൊഴിലാളി യൂണിയനുകളും സര്‍ക്കാര്‍-ബാങ്ക് ജീവനക്കാരും നടത്തിയ പണിമുടക്ക് ആറ്റിങ്ങല്‍ മേഖലയില്‍ സമാധാനപരമായിരുന്നു. സര്‍ക്കാരോഫീസുകള്‍ പലതും അടഞ്ഞ് കിടന്നു. ചില ഓഫീസുകളില്‍ നാമമാത്രമായ ജീവനക്കാര്‍ ഹാജരായി.
കോടതികളില്‍ ജീവനക്കാരുടെ ഹാജര്‍ നില ശക്തമായിരുന്നു. അതുകൊണ്ടുതന്നെ കോടതി നടപടികള്‍ക്ക് യാതൊരു തടസ്സവുമുണ്ടായില്ല. താലൂക്കോഫീസില്‍ ആറുപേര്‍ ഹാജരായി. 45 ജീവനക്കാരാണിവിടെയുള്ളത്. നഗരസഭയില്‍ നാല് ജീവനക്കാര്‍ ഹാജരായി. എന്നാലിവിടെ കണ്ടിന്‍ജന്റ് ജീവനക്കാരില്‍ 18 പേര്‍ ഹാജരായി. 37 ജീവനക്കാരാണ് ഇവിടെയുള്ളത്. ഹാജരായവര്‍ തങ്ങള്‍ക്ക് നിശ്ചയിച്ച് നല്‍കിയിട്ടുള്ള ജോലികള്‍ ചെയ്തശേഷമാണ് മടങ്ങിയത്.
വാഹനങ്ങള്‍ വളരെ കുറവായിരുന്നു. രാവിലെ സ്വകാര്യ വാഹനങ്ങള്‍പോലും അപൂര്‍വമായാണ് നിരത്തിലിറങ്ങിയത്. ഉച്ചയോടെ സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ധാരാളം നിരത്തിലിറങ്ങി. എങ്ങും വാഹനങ്ങള്‍ തടയാന്‍ ശ്രമം നടന്നില്ല. കെ.എസ്.ആര്‍.ടി. സി. സര്‍വീസ് നടത്തിയില്ല.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞുകിടന്നു. ചെറിയ കടകളും അപൂര്‍വം ചില ഹോട്ടലുകളും പ്രവര്‍ത്തിച്ചു. രാവിലെ മിക്കയിടങ്ങളിലും ചന്തകള്‍ പ്രവര്‍ത്തിച്ചു. തടസ്സങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ ചന്തകളില്‍ ആളുകള്‍ വളരെ കുറവായിരുന്നു.
പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും രാവിലെ ആറ്റിങ്ങലില്‍ പ്രകടനം നടത്തി. കച്ചേരി നടയില്‍ നിന്ന് തുടങ്ങിയ പ്രകടനം കെ.എസ്.ആര്‍.ടി.സി. ജങ്ഷനില്‍ സമാപിച്ചു.


More Citizen News - Thiruvananthapuram