കൈവെട്ട് കേസ്: പ്രതികള്‍ അറസ്റ്റില്‍

Posted on: 03 Sep 2015വിതുര: പട്ടന്‍കുളിച്ചപാറ വേമ്പുരയില്‍ താജുദ്ദീന്റെ (50) കൈവെട്ടിയ കേസില്‍ രണ്ട് പ്രതികളെ വിതുര പോലീസ് അറസ്റ്റ്‌ചെയ്തു. ചിറയിന്‍കീഴ് അഴൂര്‍ സ്വദേശി ഷാഫി (30), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് താജുദ്ദീന്റെ കൈ വെട്ടിയതെന്ന് വിതുര എസ്.ഐ. വി. ബൈജു അറിയിച്ചു. അബ്കാരി കേസുകളില്‍ പ്രതിയായിട്ടുള്ള താജുദ്ദീന്‍ ജയിലില്‍വച്ചാണ് ഷാഫിയുമായി സൗഹൃദത്തിലായത്. കഴിഞ്ഞദിവസം ഷാഫിയും അനിലും ഒരു സ്ത്രീയ്‌ക്കൊപ്പം താജുദ്ദീന്റെ വീട്ടില്‍ വന്ന് താമസമായി. ഈ സ്ത്രീയും താജുദ്ദീനുമായുണ്ടായ അടുപ്പമാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഒരു കുപ്രസിദ്ധ ഗുണ്ടയുടെ അടുത്ത ബന്ധുവാണ് സ്ത്രീ. താജുദ്ദീനെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. വധശ്രമത്തിനടക്കം കേസെടുത്തിട്ടുണ്ട്.


More Citizen News - Thiruvananthapuram