അമ്പൂരി സഹകരണബാങ്ക് പ്രസിഡന്റ് രാജിവെച്ചു

Posted on: 03 Sep 2015അമ്പൂരി: അമ്പൂരി സര്‍വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം ഹൈക്കോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച നടക്കാനിരിക്കെ പ്രസിഡന്റ് ബിജു തുരുത്തേല്‍ രാജിവെച്ചു. സംഘര്‍ഷം മൂലം അവിശ്വാസ പ്രമേയ ചര്‍ച്ച നേരത്തെ മുടങ്ങിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് പ്രസിഡന്റ് രാജിക്കത്ത് നല്‍കിയത്. രാജി സ്വീകരിച്ചതായി സെക്രട്ടറി അറിയിച്ചു. രാജിവെയ്ക്കാന്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണപിള്ള രേഖാമൂലം ബിജുവിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ഭരണസമിതി അംഗം സ്റ്റാന്റിലി ജോണ്‍ നല്കിയ പരാതി പരിഗണിച്ചാണ് ഹൈക്കോടതി വീണ്ടും അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഉത്തരവ് നല്കിയത്.
കഴിഞ്ഞ ജൂണ്‍ 26നായിരുന്നു ബാങ്ക് പ്രസിഡന്റിനെതിരായ അവിശ്വാസം ചര്‍ച്ചയ്ക്ക് എടുത്തത്. ഭരണസമിതിയിലെ 7 ഉം പ്രതിപക്ഷത്തെ 2 ഉം അംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസത്തിന് ജോയിന്റ് രജിസ്ട്രാര്‍ക്ക് നോട്ടീസ് നല്കിയിരുന്നത്. പ്രസിഡന്റിനെതിരെ അഴിമതിയും ഏകാധിപത്യവും ആരോപിച്ചാണ് ഭരണസമിതി അംഗങ്ങള്‍ തന്നെ രംഗത്തുവന്നത്.
എന്നാല്‍ അവിശ്വാസ പ്രമേയ ചര്‍ച്ച സംഘര്‍ഷത്തില്‍ കലാശിച്ചതിനാല്‍ റിട്ടേണിങ് ഓഫീസര്‍ നടപടി പൂര്‍ത്തിയാക്കാതെ മടങ്ങി.
ഇതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. റിട്ടേണിങ് ഓഫീസറെ മാറ്റാനും കോടതി നിര്‍ദ്ദേശിച്ചു.
ഇതിനിടയില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെച്ച ബോര്‍ഡ് മെമ്പര്‍ സതിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കി. സതിയെ തൂങ്ങാംപാറയില്‍ നിന്നും പോലീസ് മോചിപ്പിക്കുകയും ചെയ്തു.

More Citizen News - Thiruvananthapuram