അയ്യങ്കാളി ജന്മദിനാഘോഷം

Posted on: 03 Sep 2015തിരുവനന്തപുരം: ഓള്‍ ട്രാവന്‍കൂര്‍ ശ്രീപദ്മനാഭ വിലാസം ഹിന്ദു ചേരമര്‍ മഹാജന സംഘം ജില്ലാകമ്മിറ്റി അയ്യങ്കാളി ജന്മദിന അവിട്ടാഘോഷം വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറില്‍ നടത്തി.
ജയന്തിയാത്ര രക്ഷാധികാരി പൊന്നറ അപ്പു ഉദ്ഘാടനം ചെയ്തു. കരമന ജയചന്ദ്രന്റെ അധ്യക്ഷതയില്‍ വെള്ളയമ്പലം സ്‌ക്വയറില്‍ ചേര്‍ന്ന ജയന്തി സമ്മേളനം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നവോത്ഥാന നായകരില്‍ പ്രധാനിയായ അയ്യങ്കാളിയുടെ വെങ്ങാനൂരിലുള്ള സ്മൃതിമണ്ഡപം തുറക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി അനില്‍ നരുവാമൂട്, ഷിജു മുട്ടത്തറ, തമലം രാജീവ്, മുരളി മുക്കംപാലമൂട്, സുഖിത ശാസ്തവട്ടം, ജഗതി മത്സല, കാവല്ലൂര്‍ക്കോണം രവി, പ്രമീള ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തിരുവനന്തപുരം:
മഹാത്മാ അയ്യങ്കാളിയുടെ മഹത്വം ഒരു സവര്‍ണാധിപത്യ ശക്തികള്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒന്നാണെന്ന് ജനതാദള്‍ (എസ്) ദേശീയ ജനറല്‍സെക്രട്ടറി നീലലോഹിതദാസ് പറഞ്ഞു. അയ്യങ്കാളിയുടെ മഹത്വം കുറച്ചുകാണിക്കാന്‍ ചിലര്‍ മതപരിഗണനകള്‍ നല്‍കുന്നതില്‍ ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. അംബേദ്കര്‍ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ബി. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കരകുളം സത്യകുമാര്‍, കാവല്ലൂര്‍ ബിജി, അഡ്വ. ബിനുരാജ്, വിജയന്‍ കാക്കാമൂല, അജിത് നന്തന്‍കോട്, ഡോ. സജിത, പി.എസ്.അജിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
തിരുവനന്തപുരം: അയ്യങ്കാളിയാണ് ലോക കാര്‍ഷിക സമരത്തിന്റെ യഥാര്‍ഥ നായകനെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി പറഞ്ഞു. വിവിധ പട്ടികജാതി സംഘടനകളുടെ ആഭിമുഖ്യത്തില്‍ വെള്ളയമ്പലത്ത് സംഘടിപ്പിച്ച അയ്യങ്കാളിയുടെ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കാവല്ലൂര്‍ ബിജി അധ്യക്ഷതവഹിച്ചു. കരകുളം സത്യകുമാര്‍, അജിത് നന്തന്‍കോട്, നീതി ബാബു, സജീന, സനല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram