പിടിച്ചെടുത്ത ഇറാന്‍ ബോട്ടിന് യന്ത്രത്തകരാറെന്ന് സൂചന

Posted on: 03 Sep 2015വിഴിഞ്ഞം: ദുരൂഹസാഹചര്യത്തില്‍ ആലപ്പുഴ തീരത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ ഇറാന്‍ ബോട്ടിന് സാങ്കേതിക തകരാറുണ്ടെന്ന് സൂചന. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ. സംഘം വിഴിഞ്ഞത്തെത്തി നടത്തിയ പരിശോധനയിലാണ് ബോട്ടിന് യന്ത്രത്തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്. എന്നാല്‍, ഇതുസംബന്ധിച്ച പരിശോധനാറിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചൊവ്വാഴ്ച തുടങ്ങിയ ബോട്ട് പരിശോധന ബുധനാഴ്ചയും തുടര്‍ന്നു. എന്‍.ഐ.എ. എസ്.പി. രാഹുല്‍, ഡിവൈ.എസ്.പി. അബ്ദുല്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടെക്‌നീഷന്‍മാരടക്കമുള്ള ആറംഗസംഘമാണ് ബോട്ട് പരിശോധിച്ചത്. ബോട്ടിന് സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്നാണ് ദിശ തെറ്റി ഇന്ത്യന്‍ തീരത്ത് എത്തിയതെന്ന് ഇറാന്‍ ബോട്ടിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് വിശദപരിശോധന നടത്താന്‍ എന്‍.ഐ.എ. തീരുമാനിച്ചത്.

More Citizen News - Thiruvananthapuram