മാരായമുട്ടത്ത് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത മന്ദിരത്തിലെ ഫലകം തകര്‍ത്തനിലയില്‍

Posted on: 03 Sep 2015പിന്നില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുവഴക്കെന്ന് സൂചന


നെയ്യാറ്റിന്‍കര:
ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത മാരായമുട്ടത്തെ കാര്‍ഷിക വിപണനകേന്ദ്രത്തിന്റെ ശിലാഫലകം അക്രമികള്‍ അടിച്ചുതകര്‍ത്തു. മാരായമുട്ടം ചന്തയ്ക്കകത്തെ മൂന്നുനില മന്ദിരത്തിന്റെ ശിലാഫലകമാണ് ചൊവ്വാഴ്ച രാത്രിയില്‍ അടിച്ചുതകര്‍ത്തത്.
എ.ടി.ജോര്‍ജിന്റെ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ 26നായിരുന്നു. മന്ദിരത്തിലെ പടിക്കെട്ടിന് താഴെയായി സ്ഥാപിച്ചിരുന്ന ഫലകമാണ് തകര്‍ത്തത്. വിവരമറിഞ്ഞ് എ.ടി.ജോര്‍ജ് എം.എല്‍.എ. സ്ഥലത്തെത്തി.
ഫലകം തകര്‍ത്ത സംഭവത്തില്‍ പെരുങ്കടവിള പഞ്ചായത്ത് സെക്രട്ടറി മാരായമുട്ടം പോലീസില്‍ പരാതി നല്‍കി. ഫലകം തകര്‍ത്തതിന് പൊതുപണിമുടക്കുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.
ഫലകം തകര്‍ത്തതിനുപിന്നില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുതര്‍ക്കമാണെന്നാണ് ആക്ഷേപം. വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ്സിലെ ചിലരെ ക്ഷണിച്ചിരുന്നില്ല. ഇതാണ് ഫലകം തകര്‍ക്കാന്‍ കാരണമെന്ന് പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍ പറഞ്ഞു. ഫലകം തകര്‍ത്ത സംഭവത്തിലെ അക്രമികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.More Citizen News - Thiruvananthapuram