ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ജീര്‍ണോദ്ധാരണം തുടങ്ങി

Posted on: 03 Sep 2015ദര്‍ശനക്രമത്തില്‍ താത്കാലിക മാറ്റം


തിരുവനന്തപുരം:
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തശയനം മൂലവിഗ്രഹത്തിന്റെ ജീര്‍ണോദ്ധാരണത്തിന് മുന്നോടിയായി വൃത്തിയാക്കല്‍ ജോലികള്‍ ബുധനാഴ്ച ആരംഭിച്ചു. ഇതിനായി വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ആടയാഭരണങ്ങളും അങ്കിയും മാറ്റി. ശ്രീകോവിലും വൃത്തിയാക്കി. മൂല വിഗ്രഹങ്ങളില്‍ കടുശര്‍ക്കരയോഗ കൂട്ട് ലേപനം ചെയ്യുന്നതിനുള്ള നടപടികള്‍ വ്യാഴാഴ്ച തുടങ്ങും.
അഞ്ച് ഘട്ടങ്ങളിലായി കടുശര്‍ക്കര യോഗ കൂട്ടിന്റെ നിര്‍മാണം രണ്ടാഴ്ച മുമ്പ് പൂര്‍ത്തിയായിരുന്നു. വിശേഷാല്‍ താന്ത്രികവിധിപ്രകാരം തയാറാക്കിയ കൂട്ടിലേക്ക് സ്വര്‍ണവും വെള്ളിയും ചേര്‍ത്താണ് അവസാനഘട്ടം ചെയ്തത്. ക്ഷേത്ര തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ശുചീന്ദ്രം പ്രദീപ് നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വൃത്തിയാക്കല്‍ ആരംഭിച്ചത്.
ദിവസപൂജകള്‍ നടത്തേണ്ടതിനാല്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രവൃത്തികള്‍ വൈകീട്ട് നാലോടെ അവസാനിപ്പിക്കും. കൂട്ട് ലേപനം ചെയ്ത് തുടങ്ങിയാല്‍ പൂര്‍ത്തിയാകാന്‍ ഒരു മാസം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്.
രാവിലെ ആറരവരേയും വൈകുന്നേരം അഞ്ചിന് ശേഷവുമുള്ള പതിവ് ദര്‍ശന സമയത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് മുമ്പ് പത്തര വരെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കൂ. ഈ മാസം 30 വരെയാണ് ക്ഷേത്രത്തിലെ ദര്‍ശനക്രമത്തില്‍ നിയന്ത്രണം.

More Citizen News - Thiruvananthapuram