പണിമുടക്ക് പൂര്‍ണം; സമാധാനപരം

Posted on: 03 Sep 2015തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് ജില്ലയില്‍ പൂര്‍ണമായിരുന്നു. കെ. എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വീസ് നടത്തിയില്ല. പ്രധാന നഗരങ്ങളില്‍ കച്ചവടകേന്ദ്രങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഗ്രാമങ്ങളില്‍ നാമമാത്രമായാണ് കടകള്‍ തുറന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ കുറവായിരുന്നു. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഹാജര്‍നിലയില്‍ പ്രതിഫലിച്ചിരുന്നില്ല. ജനജീവിതത്തെ കാര്യമായി ബാധിച്ച പണിമുടക്ക് സമാധാനപരമായിരുന്നു. ഒരിടത്തും അക്രമസംഭവങ്ങള്‍ ഉണ്ടായില്ല.
ജീവനക്കാര്‍ കൂട്ട അവധിയെടുത്തതിനാല്‍ ജില്ലാ കളക്ടറേറ്റില്‍ ഏഴു ശതമാനം മാത്രമായിരുന്നു ഹാജര്‍നില. ബസ് സര്‍വീസ് മുടങ്ങിയതിനാല്‍ പൊതുജനങ്ങളും കളക്ടറേറ്റിലേക്ക് എത്തിയിരുന്നില്ല. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ഇതര ഓഫീസുകളിലും ഹാജര്‍നില കുറവായിരുന്നു. ഓഫീസുകളില്‍ ജോലിക്കെത്തിയവരും ഉച്ചയോടെ സ്ഥലംവിട്ടു. ജില്ലയിലെ റവന്യൂ ഓഫീസുകളിലാകെ 15 ശതമാനം പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. സെക്രട്ടേറിയറ്റില്‍ 25 ശതമാനമായിരുന്നു ഹാജര്‍നില. കോര്‍പ്പറേഷന്റെ കീഴിലെ മുഴുവന്‍ ഓഫീസുകളിലുമായി 15 ശതമാനവും ലോക്കല്‍ ഫണ്ട് ഓഡിറ്റ് ജില്ലാ ഓഫീസില്‍ 22ഉം ഹൗസിങ് ബോര്‍ഡില്‍ 30 ശതമാനം പേരും ജോലിക്കെത്തി. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ 56 ശതമാനമായിരുന്നു ഹാജര്‍നില.
ടെക്‌നോപാര്‍ക്ക് പതിവുപോലെ പ്രവര്‍ത്തിച്ചു. വിവിധ കമ്പനികളിലെ ജീവനക്കാരെ കമ്പനിവക വാഹനങ്ങളില്‍ ഓഫീസുകളിലെത്തിച്ചിരുന്നു. ബസ്സുകള്‍ കോണ്‍വോയ് സര്‍വീസ് നടത്തി. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കാത്തതിനാല്‍ തീവണ്ടി ഗതാഗതം മുടങ്ങിയില്ല.
തലസ്ഥാനത്തെ പ്രധാന കമ്പോളങ്ങളായ ചാലയിലും പാളയത്തും ബുധനാഴ്ച കച്ചവടം ഉണ്ടായിരുന്നില്ല. ഇവിടെ തെരുവുകള്‍ ഏറെയും വിജനമായിരുന്നു. നഗരത്തിലെത്തിയവര്‍ മറ്റിടങ്ങളിലേക്കുള്ള യാത്രയ്ക്ക് വാഹനങ്ങള്‍ കിട്ടാതെയും ആഹാരമില്ലാതെയും വലഞ്ഞു. രോഗികള്‍ ഉള്‍പ്പെടുന്ന സംഘത്തിന് തലസ്ഥാനത്തെ പോലീസ് ഒരുക്കിയ സംവിധാനം സഹായകമായി. വിവിധ സ്ഥലത്തുനിന്നും തീവണ്ടിയിലെത്തിയ 1700 ഓളം രോഗികളെ ബസ്സുകളില്‍ ആര്‍.സി.സി, മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളില്‍ പോലീസ് എത്തിച്ചിരുന്നു. നഗരത്തില്‍ നിന്ന് വാഹനമില്ലാതെ വലഞ്ഞ 170 ഓളം പേരെ പോലീസ് വിമാനത്താവളത്തിലുമെത്തിച്ചു. യാത്രക്കാരെ ഓരോ സംഘങ്ങളായി നഗരത്തിലെ പ്രധാന ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനും പോലീസ് തയ്യാറായി. നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ തീവണ്ടിയിലാണ് പോയത്. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ പണിമുടക്ക് ബാധിച്ചില്ല.
അതിര്‍ത്തിക്കപ്പുറം കളിയിക്കാവിള മുതലുള്ള കന്യാകുമാരി ജില്ലയില്‍ പണിമുടക്ക് ബാധിച്ചില്ല. കടകളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നുപ്രവര്‍ത്തിച്ചു. തമിഴ്‌നാട് ബസ്സുകള്‍ ജില്ലാതിര്‍ത്തി വരെ സര്‍വീസ് നടത്തി മടങ്ങി.
ദേശസാത്കൃതറൂട്ടുകള്‍ മാത്രമുള്ള നെയ്യാറ്റിന്‍കര താലൂക്കില്‍ സമാന്തര സര്‍വീസുകളും ബുധനാഴ്ച നടന്ന പണിമുടക്കില്‍ പങ്കെടുത്തു. ഇതോടെ ജില്ലാതിര്‍ത്തിയില്‍ രൂക്ഷമായ യാത്രാക്ലേശം അനുഭവപ്പെട്ടു. ഇവിടെ അധികം കച്ചവടകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ കുറവായിരുന്നു. രാവിലെ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ഉദിയന്‍കുളങ്ങര ആറയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പണിമുടക്ക് അനുകൂലികളെത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല എന്നിവിടങ്ങളിലും പണിമുടക്ക് പൂര്‍ണവും സമാധാനപരവുമായിരുന്നു. കെ.എസ്.ആര്‍.ടി. സി. ബസ്സുകള്‍ ഓടിയിരുന്നില്ല. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. ചിറയിന്‍കീഴ് താലൂക്ക് ഓഫീസില്‍ ആറ് ജീവനക്കാരും കോടതിയില്‍ 18 പേരും ജോലിക്കെത്തി.
ജില്ലയില്‍ എല്ലായിടത്തും കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്കെത്താന്‍ തയ്യാറായവര്‍ക്കും പൊതുനിരത്തുകളില്‍ സ്വകാര്യവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും പോലീസ് സംരക്ഷണം ഉറപ്പാക്കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തി.

More Citizen News - Thiruvananthapuram