സാക്ഷിമൊഴിയുടെ പേരില്‍ ഭീഷണി; സുരക്ഷ ഉറപ്പാക്കണമെന്ന് വി.എസ്.

Posted on: 02 Sep 2015തിരുവനന്തപുരം: വധഭീഷണി നേരിടുന്ന സലിമിന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കണമൊന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു.
അപ്രാണി കൃഷ്ണകുമാര്‍ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓംപ്രകാശിനും സംഘത്തിനുമെതിരെ സാക്ഷി പറഞ്ഞ ആളാണ് സലിം. ഈ കേസില്‍ ഓംപ്രകാശ് അടക്കമുള്ള പ്രതികള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. കേസില്‍ സാക്ഷി പറഞ്ഞതിന്റെ പേരില്‍ സലിമിനും കുടുംബത്തിനുമെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് സലിമിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പോലീസ് സംരക്ഷണം റദ്ദാക്കിയതായാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ സലിമിനും കുടുംബത്തിനും അടിയന്തരമായി പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് വി.എസ്. കത്തില്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram