തിരുപുറം, ചെങ്കല്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തി

Posted on: 02 Sep 2015മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ഫ്ലക്‌സുകള്‍ നശിപ്പിച്ചു

നെയ്യാറ്റിന്‍കര:
പഴയകട പാഞ്ചിക്കടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മുപ്പതോളം ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുപുറം, ചെങ്കല്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തുകയും പഴയകടയില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ഫ്ലക്‌സുകള്‍ സി.പി.എം. പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നാരോപിച്ചാണ് സമരം നടത്തിയത്.
തിരുപുറം, ചെങ്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനായാണ് പഴയകടയ്ക്ക് സമീപം പാഞ്ചിക്കാട്ട് കടവില്‍ നെയ്യാറിന് കുറുകെയായി പാലം നിര്‍മിക്കുന്നത്. ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് 4ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഇതിന്റെ പ്രചാരണാര്‍ത്ഥം തിരുപുറം, ചെങ്കല്‍ പഞ്ചായത്ത് പ്രദേശങ്ങളിലായി സര്‍ക്കാര്‍ സ്ഥാപിച്ച മുപ്പതിലേറെ ഫ്ലക്‌സ് ബോര്‍ഡുകളാണ് തിങ്കളാഴ്ച രാത്രി നശിപ്പിക്കപ്പെട്ടത്. ഫ്ലക്‌സുകള്‍ നശിപ്പിക്കപ്പെട്ടതറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാവിലെ പഴയകടയില്‍ എത്തി റോഡ് ഉപരോധിക്കുകയായിരുന്നു.
ഫ്ലക്‌സുകളെല്ലാം വലിച്ചുകീറിയ നിലയിലായിരുന്നു. സംഭവമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഴയകടയില്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. ഇതിനെത്തുടര്‍ന്ന് റൂറല്‍ എസ്.പി. ഷെഫിന്‍ അഹമ്മദ്, നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍, പൂവാര്‍ സി.ഐ. ഒ.എ.സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി. ഫ്ലക്‌സുകള്‍ വ്യാപകമായി നശിപ്പിച്ചതറിഞ്ഞ് കോണ്‍ഗ്രസ് തിരുപുറം, ചെങ്കല്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തി. വൈകീട്ട് ആറുമണി വരെയായിരുന്നു ഹര്‍ത്താല്‍.
ഡി.സി.സി. അംഗം തിരുപുറം ഗോപന്‍, മണ്ഡലം പ്രസിഡന്റ് ഡി.സൂര്യകാന്ത്, തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.മിനി, സി.രാമചന്ദ്രന്‍നായര്‍, ഓലത്താന്നി അനില്‍, പി.എസ്.മനു എന്നിവര്‍ സ്ഥലത്തെത്തി പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയെത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചത്. ഫ്ലക്‌സുകള്‍ നശിപ്പിച്ചവരെ കണ്ടെത്താമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.
തിരുപുറം, ചെങ്കല്‍ പഞ്ചായത്തുകളില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സ്‌കൂളുകള്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ പ്രവര്‍ത്തിച്ചില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസ് ക്യാമ്പ് ചെയ്യുന്നു.
പാഞ്ചാക്കാട്ട് കടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്‌സുകള്‍ നശിപ്പിച്ച സംഭവത്തില്‍ ആര്‍.സെല്‍വരാജ് എം.എല്‍.എ. പ്രതിഷേധിച്ചു. ഫ്ലക്‌സുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


61


കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഴയകടയില്‍ പ്രകടനം നടത്തുന്നു
പാഞ്ചിക്കാട്ട് കടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്‌സുകള്‍ നശിപ്പിച്ചനിലയില്‍

More Citizen News - Thiruvananthapuram