ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെ മോചിപ്പിച്ചു

Posted on: 02 Sep 2015അമ്പൂരി : പത്തംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ അമ്പൂരി സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെ മോചിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് പൂച്ചമുക്കിന് സമീപത്തുനിന്ന് പാമ്പരംകാവ് സതീഷ് കുമാര്‍ എന്ന സതിയെ (40) ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് കാട്ടാക്കട തൂങ്ങാംപാറയില്‍ സതിയെ ഗുണ്ടാസംഘം ഉപേക്ഷിക്കുകയായിരുന്നു.
നെയ്യാര്‍ഡാം പോലീസും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സതിയെ തൂങ്ങാംപാറയില്‍ നിന്നും കൂട്ടിക്കൊണ്ട് വന്നു.

ഗുണ്ടാസംഘത്തിന്റെ ഭീഷണി ഭയന്ന് ഇദ്ദേഹം പോലീസില്‍ രേഖാമൂലം പരാതി നല്‍കാന്‍ തയാറായിട്ടില്ല. സപ്തംബര്‍ മൂന്നിന് അമ്പൂരി ബാങ്ക് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം ഹൈക്കോടതി ഉത്തരവ് പ്രകാരം രണ്ടാമതും ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെയാണ് സതിയെ തട്ടിക്കൊണ്ടുപോയത്. സതി ഭരണകക്ഷി അംഗമാണ്. ഭരണകക്ഷി അംഗങ്ങളാണ് ബാങ്ക് പ്രസിഡന്റ് ബിജു തുരുത്തേലിനെതിരെ അവിശ്വാസം കൊണ്ടുവന്നിട്ടുള്ളത്. സതിയും പ്രസിഡന്റിന്റെ എതിര്‍ ചേരിയിലാണ്.

തട്ടിക്കൊണ്ടു പോയതിനെക്കുറിച്ച് സതി പറയുന്നത് ഇപ്രകാരമാണ്. രാത്രി ഒന്‍പതു മണിയോടുകൂടി ബൈക്കില്‍ അമ്പൂരിയില്‍നിന്ന് പാമ്പരം കാവിലേക്ക് വരുമ്പോള്‍ രണ്ട് വാഹനങ്ങള്‍ പിന്‍തുടര്‍ന്നു. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ബൈക്ക് നിര്‍ത്തിയപ്പോള്‍ സംസാരിക്കാനുണ്ടെന്നും കാറില്‍ കയറണമെന്നും ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച് ബലാല്‍ക്കാരമായി കാറില്‍ പിടിച്ചുകയറ്റി. നിലവിളി കേട്ട് നാട്ടുകാര്‍ എത്തുംമുമ്പ് വാഹനങ്ങള്‍ പോയി.

എന്നാല്‍ വണ്ടിനമ്പര്‍ നാട്ടുകാര്‍ കുറിച്ചെടുത്ത് പോലീസില്‍ അറിയിച്ചു. മണ്ഡപത്തിന്‍കടവിന് സമീപം മറ്റൊരു വാഹനത്തില്‍ കയറ്റി. നെയ്യാറ്റിന്‍കരയ്ക്ക് സമീപം എന്‍.എച്ചിനോട് ചേര്‍ന്നുള്ള ഒരു തെങ്ങിന്‍തോപ്പില്‍ എത്തിച്ചു. അവിടെ നിന്നും തൂങ്ങാംപാറയിലും.
ഇതിനിടെ ഗുണ്ടാസംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് തൂങ്ങാംപാറയില്‍ സതിയെ ഗുണ്ടകള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്നു.

സതിയെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത അറിഞ്ഞ് നെയ്യാര്‍ഡാം സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി 12 ന് നാട്ടുകാര്‍ സംഘടിച്ചെത്തിയിരുന്നു.

More Citizen News - Thiruvananthapuram