നാണയങ്ങളുടെയും സ്റ്റാമ്പിന്റെയും അപൂര്‍വ ശേഖരവുമായി ഓട്ടോഡ്രൈവര്‍

Posted on: 02 Sep 2015വര്‍ക്കല: ചരിത്രത്തിന്റെ തിരുശേഷിപ്പുക്കളായ നാണയങ്ങളുടെയും സ്റ്റാമ്പിന്റെയും പുരാവസ്തുക്കളുടെയും അപൂര്‍വ ശേഖരവുമായി ഒരു ഓട്ടോഡ്രൈവര്‍. വര്‍ക്കല കിളിത്തട്ട്മുക്കില്‍ പാര്‍വതിമന്ദിരത്തില്‍ അതുല്‍ അരവിന്ദാ(രാഹുല്‍)ണ് ചരിത്രകാരന്മാര്‍ക്ക് പ്രയോജനപ്പെട്ടേക്കാവുന്ന ശേഖരത്തിന് കാവലാളാകുന്നത്. 25 വര്‍ഷമായി പുരാവസ്തുശേഖരം നടത്തുന്ന അതുലിന്റെ മുറിനിറയെ ചരിത്രരേഖകളാണ്.
മുഗള്‍ചക്രവര്‍ത്തിമാരുടെ കാലത്തെ നാണയം, തിരുവിതാംകൂറിലെ പഴയ നാണയങ്ങള്‍, 60 വര്‍ഷം മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളും കറന്‍സികളും എന്നിവ അപൂര്‍വശേഖരത്തിലുണ്ട്.

നാസികളുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ജര്‍മ്മന്‍ വെള്ളിനാണയങ്ങളാണ് ശേഖരത്തില്‍ ഒടുവിലെത്തിയത്. അലുമിനിയം നാണയമടക്കം പതിനായിരത്തിലധികം വ്യത്യസ്ത നാണയങ്ങള്‍ ശേഖരത്തിലുണ്ട്. വിവിധരാജ്യങ്ങളിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള സ്റ്റാമ്പുകള്‍, തിരുവിതാംകൂറിലെ അഞ്ചല്‍സ്റ്റാമ്പ്, ഇന്ത്യ, ശ്രീലങ്ക സര്‍ക്കാരുകള്‍ പുറത്തിറക്കിയ ശ്രീനാരായണഗുരുവിന്റെ ചിത്രമുള്ള സ്റ്റാമ്പുകള്‍ എന്നിവയും ശേഖരത്തിലുള്‍പ്പെടുന്നു.

നാണയശേഖരത്തിനൊപ്പം വിശേഷ സംഭവങ്ങളടങ്ങിയ പഴയപത്രങ്ങളുടെ കട്ടിങ്ങുകളും ബൈന്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. 35ഓളം ബൈന്റ് ചെയ്ത വാല്യങ്ങള്‍ അതുലിന്റെ സമ്പാദ്യത്തിലുണ്ട്. പ്രമുഖരുടെ മരണവാര്‍ത്തയടങ്ങിയ പത്രങ്ങള്‍ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്.
വിവിധ കാലഘട്ടങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മുപ്പതിലധികം ടൈംപീസുകള്‍ അതുലിന്റെ പക്കലുണ്ട്. 85 വര്‍ഷത്തിലധികം പഴക്കമുള്ള എനീഗര്‍, വെസ്റ്റ് എന്‍ഡ് വാച്ചുകളും ഫേവര്‍ലൂബ, ബിഗ്ബാങ് എന്നിങ്ങനെ വിവിധ ബ്രാന്‍ഡുകളിലുള്ള വാച്ചുകളും ശേഖരത്തിന്റെ മാറ്റ് കൂട്ടുന്നു. തടി ഉരല്‍, ചീനഭരണി, അരിപ്പെട്ടി, ഇടികല്ല്, കളിമണ്ണിലുള്ള മഷിക്കുപ്പി എന്നിങ്ങനെ പുരാവസ്തുക്കളുടെ നീണ്ടനിരയുമുണ്ട്.

അഞ്ചാം ക്ലാസ് മുതലാണ് അതുല്‍ അരവിന്ദ് നാണയങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. സ്‌കൂള്‍ പഠനം കഴിഞ്ഞ് വിവിധ ജോലികളില്‍ ഏര്‍പ്പെട്ടപ്പോഴും കൗതുകം ഉപേക്ഷിച്ചില്ല. മറ്റുള്ളവര്‍ വിലയില്ലാതെ വലിച്ചെറിയുന്ന പഴയ നാണയങ്ങളിലെ കൗതുകം ഏഴുവര്‍ഷം മുമ്പാണ് ഗൗരവമായി എടുത്തത്. അതിന്‌ശേഷം പഴയ നാണയങ്ങളും പുരാവസ്തുക്കളും എവിടെയുണ്ടെങ്കിലും അതുല്‍ അവിടെയെത്തും. വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തില്‍ നിന്നും നിരവധി അമൂല്യനാണയങ്ങള്‍ അതുലിന് കിട്ടിയിട്ടുണ്ട്. പാപനാശം ബീച്ചില്‍ ഓട്ടോസവാരിക്കിടെ പരിചയപ്പെടുന്ന വിദേശികളും അവരുടെ രാജ്യങ്ങളിലെ നാണയങ്ങളും കറന്‍സികളും അതുലിന്റെ ശേഖരത്തിലേക്ക് സംഭാവന ചെയ്യാറുണ്ട്. എല്ലാ സീസണിലും എത്തുന്ന വിദേശ സഞ്ചാരികള്‍ നാട്ടിലെ പഴയനാണയങ്ങള്‍ ശേഖരിച്ച് കൊടുക്കാറുമുണ്ട്.

അതുലിന്റെ അഭിരുചി അറിയുന്ന സുഹൃത്തുക്കളും ശേഖരത്തിലേക്ക് വിലപ്പെട്ടവ എത്തിക്കും. നാണയങ്ങളുടെയും മറ്റു പ്രദര്‍ശനം ഇടക്കിടെ അതുല്‍ സംഘടിപ്പിക്കാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പാപനാശത്ത് നടത്തിയ പ്രദര്‍ശനം വിദേശികളുടെ ഉള്‍പ്പെടെ പ്രശംസ നേടി. വര്‍ക്കലയില്‍ ഒരു പുരാതന മ്യൂസിയമാണ് അതുലിന്റെ സ്വപ്‌നം.


38


നാണയങ്ങളുടെയും പുരാവസ്തുക്കളുടെയും അപൂര്‍വ ശേഖരവുമായി അതുല്‍ അരവിന്ദ്

More Citizen News - Thiruvananthapuram