ആശുപത്രിയില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു; മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍

Posted on: 02 Sep 2015ആറ്റിങ്ങല്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന അയിലം പെരുമാമഠം മങ്കാട്ടുമൂഴിവീട്ടില്‍ ബാബുക്കുട്ടന്‍(52) മരിച്ചു. മരണകാരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പോലീസിലറിയിച്ചതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു.
കൂലിപ്പണിക്കാരനായ ബാബുക്കുട്ടന്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. അവശനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് ആഗസ്ത് 30 ന് അമ്മയും നാട്ടുകാരും ചേര്‍ന്ന് വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം അന്നുതന്നെ തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പതിന് ബാബുക്കുട്ടന്‍ മരിച്ചു. പെരുമാമഠം ജങ്ഷനില്‍ 26ന് വൈകീട്ട് ബന്ധുവായ ഒരാളും ബാബുക്കുട്ടനും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായതായി പറയപ്പെടുന്നു. ഈ സംഭവത്തില്‍ ബാബുക്കുട്ടന് മര്‍ദനമേറ്റെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ സംശയമുണ്ടെന്ന് ബാബുക്കുട്ടന്റെ സഹോദരന്റെ മകന്‍ അനീഷ് പോലീസില്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

More Citizen News - Thiruvananthapuram