പൊന്നാംചുണ്ടില്‍ വലിയ പാലം: സ്ഥലം ഏറ്റെടുക്കല്‍ നിലച്ചു

Posted on: 01 Sep 2015വിതുര: പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊന്നാംചുണ്ട് വലിയ പാലത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടി നിലച്ചു. നിലവിലെ ചപ്പാത്ത് പാലം മാറ്റി പുതിയ പാലം പണിയാന്‍ 2011-ലെ സംസ്ഥാന ബജറ്റില്‍ 10 കോടി രൂപയാണ് അനുവദിച്ചത്. പക്ഷേ 4 വര്‍ഷം പിന്നിട്ടിട്ടും പാലം പണിക്കുള്ള സ്ഥലം ഏറ്റെടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
പതിനഞ്ചോളം വസ്തു ഉടമകളില്‍നിന്നാണ് പാലത്തിന്റെ അപ്പ്‌റോച്ച് പാതയ്ക്കും മറ്റുമായി സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുക്കേണ്ടത്. ആരുടെയും വാസസ്ഥലം ഒഴിപ്പിക്കേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ റവന്യൂ വകുപ്പിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലായിരുന്നെങ്കില്‍ ഏറ്റെടുപ്പ് വളരെനേരത്തേ പൂര്‍ത്തിയാക്കാനാകുമായിരുന്നു.
മലയ്ക്ക് മഴ പെയ്യുമ്പോഴൊക്കെ ചപ്പാത്ത് പാലം കാണാന്‍പോലും പറ്റാത്തവിധത്തിലാണ് പൊന്നാന്‍ചുണ്ടിലൂടെ വെള്ളം ഒഴുകാറ്. സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കി വലിയ പാലം പണിത് ഈയവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം.


More Citizen News - Thiruvananthapuram