വര്‍ക്കലയിലെ കരാട്ടെ താരങ്ങള്‍ക്ക് മസണബുസാട്ടോയുടെ പരിശീലനം

Posted on: 01 Sep 2015വര്‍ക്കല: വര്‍ക്കലയിലെ കരാട്ടെ താരങ്ങള്‍ക്ക് പ്രശസ്ത പരമ്പരാഗത കരാട്ടെ-കൊബുഡോ പരിശീലകന്‍ ക്യോഷി മസണബുസാട്ടോയുടെ പരിശീലനം. രണ്ടാഴ്ചത്തെ പരിശീലന പരിപാടിയുമായി കേരളത്തിലെത്തിയാണ് അന്താരാഷ്ട്ര പരിശീലകന്‍ മസണബുസാട്ടോ പുതുതലമുറക്ക് തന്റെ അനുഭവസമ്പത്ത് പകര്‍ന്ന് നല്‍കുന്നത്. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന വര്‍ക്കല ഗോജുറിയു കരാട്ടെ സ്‌കൂളിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം വര്‍ക്കലയിലെത്തിയത്. കരാട്ടെയുടെ ജന്മസ്ഥലമായ ജപ്പാനിലെ ഒക്കിനാവന്‍ ദ്വീപുകാരനായ മസണബുസാട്ടോ റിട്ട.പോലീസ് ഉദ്യോഗസ്ഥനാണ്. വിരമിച്ചശേഷം ലോകംചുറ്റി പരമ്പരാഗത ആയോധനകലയുടെ പ്രാധാന്യം കരാട്ടെ അഭിരുചിയുള്ളവര്‍ക്ക് പകര്‍ന്നുനല്‍കിവരികയാണ്.
ഫെയ്‌സ്ബുക്കിലൂടെ വര്‍ക്കല ഗോജുറിയു കരാട്ടെ സ്‌കൂളിനെക്കുറിച്ച് അറിയുകയും അന്വേഷിക്കുകയും ചെയ്തതിന്റെ ഫലമായാണ് സ്‌കൂള്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വര്‍ക്കലയില്‍ അദ്ദേഹത്തിന്റെ കീഴില്‍ പല കരാട്ടെ താരങ്ങളും പരിശീലനം നടത്തി. കരാട്ടെയില്‍ ജപ്പാന്‍ നിയമം അനുശാസിക്കുന്ന ആയുധങ്ങളായ നഞ്ചക്ക്, സായി, യൂറോപ്പിലെ പോലീസ് ഉപയോഗിക്കുന്ന ടോണ്‍ഫ, ബോ എന്നിവയിലുള്ള പരിശീലനമാണ് അദ്ദേഹം പ്രധാനമായി നല്‍കിയത്. കൂടാതെ കരാട്ടെ പരിശീലനവും പെണ്‍കുട്ടികള്‍ക്ക് സ്വയംരക്ഷക്കുള്ള പരിശീലനവും നല്‍കുന്നു. കഴിഞ്ഞ വര്‍ഷവും മസണബുസാട്ടോ വര്‍ക്കലയിലെത്തി കരാട്ടെ പരിശീലനം നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഗോജുറിയു സ്‌കൂളിന് ഒക്കിനാവന്‍ കരാട്ടെ ദോകൊബുഡോ അസോസിയേഷനില്‍ അംഗത്വവും നല്‍കി. മസണബുസാട്ടോയില്‍ നിന്ന് ഗോജുറിയു സ്‌കൂള്‍ ഡയറക്ടര്‍ സെന്‍സായ് വിജയന്‍ അംഗീകാരവും അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വര്‍ക്കലയിലെ സ്‌കൂളുകളില്‍ അദ്ദേഹം പരിശീലനം നല്‍കും. പിന്നീട് മുരുക്കുംപുഴ, കായംകുളം, എറണാകുളം, തൊടുപുഴ, പയ്യന്നൂര്‍, ഊട്ടി, ബെംഗളൂരു എന്നീ തിരഞ്ഞെടുത്ത സെന്ററുകളില്‍ പരിശീലനം നല്‍കിയശേഷം സപ്തംബര്‍ 19ന് മസണബുസാട്ടോ നാട്ടിലേക്ക് മടങ്ങും.


More Citizen News - Thiruvananthapuram