ബണ്ട് തകര്‍ന്നു; കരിപ്പെട്ടിച്ചിറക്കുളം നശിക്കുന്നു

Posted on: 01 Sep 2015ബാലരാമപുരം: കോഴോട് കരിപ്പെട്ടിച്ചിറക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു. കുളത്തിന്റെ ഒരുഭാഗത്തെ ബണ്ട് തകര്‍ന്ന് ജലംപൂര്‍ണമായി വാര്‍ന്നുപോയി കാടും പടര്‍പ്പും നിറഞ്ഞനിലയിലാണ്. എപ്പോഴും ജലസമൃദ്ധമായിരുന്ന കുളം ഈ നിലയിലായിട്ട് വര്‍ഷങ്ങളായി.
കരിപ്പെട്ടിച്ചിറക്കുളത്തിന് ഒരു ഏക്കര്‍ 18 സെന്റ് വിസ്തൃതിയുണ്ടായിരുന്നു. സമീപത്തുള്ള വസ്തു ഉടമകളുടെ കൈയേറ്റം വിസ്തൃതിയില്‍ കുറവുവരുത്തിയിട്ടുള്ളതായി സ്ഥലവാസികള്‍ക്ക് പരാതിയുണ്ട്. കുളത്തിന്റെ അരികിലൂടെ ഒഴുകുന്ന തോടിനടുത്തുള്ള ഭാഗത്തെ ബണ്ടാണ് തകര്‍ന്നത്. മഴക്കാലത്ത് തോടില്‍ വെള്ളം നിറയുമ്പോഴുണ്ടാകുന്ന മണ്ണൊലിപ്പും ഈ ഭാഗത്തെ മണലൂറ്റുമാണ് ബണ്ട് തകരുവാന്‍ കാരണം.
ബണ്ട് തകര്‍ന്നു വെള്ളം കരയിലേക്ക് ഒഴുകുവാന്‍ തുടങ്ങിയപ്പോള്‍ തന്നെ കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപ്പഞ്ചായത്തിന് പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ നടപടിയെടുക്കാത്തതുമൂലം ക്രമേണ ജലംപൂര്‍ണമായി വാര്‍ന്നുപോയി കുളം നശിക്കുകയായിരുന്നു.
എല്ലാ സമയത്തും നിറയെ വെള്ളം കാണുന്ന നീരുറവകള്‍നിറഞ്ഞ കുളമായിരുന്നു ഇത്. വേനല്‍ക്കാലത്ത് കുളത്തിലെ വെള്ളം തോട്ടിലൂടെ കൊണ്ടുപോയി സമീപമുള്ള കര്‍ഷകര്‍ കൃഷിക്ക് ഉപയോഗിച്ചിരുന്നു. പരിസരവാസികള്‍ കുളിക്കാനും തുണി അലക്കാനും കന്നുകാലികളെ കഴുകാനും ആശ്രയിച്ചിരുന്നതും ഈ കുളത്തെയാണ്.
ജലം തങ്ങിനില്‍ക്കാത്തവിധം ബണ്ടുതകര്‍ന്നകുളം നന്നാക്കി സംരക്ഷിക്കുന്നതിന് അധികൃതര്‍ താത്പര്യം കാണിക്കാത്തത് ഭൂമി കൈയേറ്റക്കാരെ സഹായിക്കാനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

More Citizen News - Thiruvananthapuram