നെയ്യാര്‍മേളയില്‍ തിരക്കേറി

Posted on: 01 Sep 2015നെയ്യാറ്റിന്‍കര: നെയ്യാര്‍ മേള പതിനൊന്നാം ദിവസം പിന്നിട്ടു. മേളയുടെ ഏറ്റവും വലിയ ആകര്‍ഷണമായ ആദിവാസി ഊരിലേക്കുള്ള മുളകൊണ്ടു നിര്‍മിച്ച പാലം കടന്നു കൗതുകരമായ കാഴ്ചകള്‍ കാണുവാന്‍ വരുന്നവരുടെ എണ്ണം കൂടിവരുന്നു. മുളയരിപ്പായസവും, കപ്പയും മീന്‍കറിയും 61 ഇനം പച്ചിലമരുന്നുകള്‍കൊണ്ടു ശരീരത്തിനു രക്തശുദ്ധി പ്രദാനം ചെയ്യുന്ന ആവിക്കുളിയും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു.
മേളയോടനുബന്ധിച്ച് ഗാന്ധിമിത്രമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്കല്‍ വലിയ കുളത്തില്‍ നടന്ന ഗാന്ധിതീര്‍ഥ വള്ളംകളി മത്സരം ആകര്‍ഷകമായി. പരിസ്ഥിതി മതസൗഹാര്‍ദ സമ്മേളനം ഗാന്ധി സ്മാരകനിധി അഖിലേന്ത്യ ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എം.വേണുഗോപാലന്‍ തമ്പി പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തില്‍ ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍, നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍ ജി.ക്രിസ്തുദാസ്, ഖദീബ്‌സ് ആന്‍ഡ് ഖാസി ഫോറം കേരള ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുള്‍ സലീം മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാശിയേറിയ വള്ളംകളി മത്സരം കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. എച്ച്. സുഗന്ധി അധ്യക്ഷയായി. ആശംസകള്‍ നേര്‍ന്നുകൊണ്ട് കെ.റ്റി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ്, നെയ്യാര്‍ മേള ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.ആന്‍സലന്‍, കെ.എസ്.ആര്‍.ടി.സി. ജനറല്‍ മാനേജര്‍ സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വള്ളംകളി മത്സരത്തില്‍ എം. ഷാനവാസ് ക്യാപ്റ്റനായ വേമ്പനാട് ചുണ്ടന്‍ ട്രോഫി നേടി. വിജയികള്‍ക്ക് കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ സിമുള്‍ട്ടേനിയസ് ചെസ്സ് എക്‌സിബിഷനില്‍, നിലവിലെ അണ്ടര്‍ സെവന്‍ ദേശീയ ചാമ്പ്യനായ കെവിന്‍ ജെ. പോറസ് ഒരേ സമയം നേരിട്ടത് 12 മുതല്‍ 17 വയസ്സുവരെയുള്ള 24 എതിരാളികളെയാണ്. മത്സരത്തിനൊടുവില്‍ 21 പേരെ കെവിന്‍ തോല്പിച്ചു. 17 വയസ്സു പ്രായമുള്ള രണ്ടുപേരോടു മാത്രമാണ് 7 വയസ്സുകാരന്‍ കെവിന് അടിയറവു പറയേണ്ടിവന്നത്.
നിംസിന്റെ ആഭിമുഖ്യത്തില്‍ വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. നെയ്യാര്‍ മേള സപ്തംബര്‍ 6 വരെ നടക്കും.

More Citizen News - Thiruvananthapuram