നിറം വിതറി, താളമിട്ട് കൊടിയിറക്കം

Posted on: 01 Sep 2015തിരുവനന്തപുരം: ഓണം വാരാഘോഷ സമാപനത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന സാംസ്‌കാരിക ഘോഷയാത്ര തലസ്ഥാനനഗരത്തെ വര്‍ണക്കടലാക്കി. നൂറിലേറെ ഫ്‌ളോട്ടുകളും നൂറോളം കലാരൂപങ്ങളും അണിനിരന്നു. കലാപ്രകടനങ്ങളായിരുന്നു ഘോഷയാത്രയുടെ മുന്‍നിരയില്‍. പിന്നാലെ ഫ്‌ളോട്ടുകള്‍. പിന്നീട് ഫ്‌ളോട്ടുകളും കലാപ്രകടനങ്ങളും ഇടകലര്‍ന്ന്.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുള്‍പ്പെടെ ഔദ്യോഗികമായി 95 ഫ്‌ളോട്ടുകളാണ് ഇക്കുറി ഘോഷയാത്രയില്‍ പങ്കെടുത്തത്. എന്നാല്‍ ഇതിന് പുറമേ വ്യക്തിഗത ഫ്‌ളോട്ടുകളും അണിനിരന്നു.
കുട്ടികളുടെ റോളര്‍ സ്‌കേറ്റിങ് ആയിരുന്നു ഘോഷയാത്രയുടെ മുന്‍നിരയില്‍. പിന്നാലെ ഓണപ്പൊട്ടനും ഓണത്താറുമെത്തി. ആലവട്ടം, വെഞ്ചാമരം, കൊമ്പുപാട്ട്, മുത്തുക്കുട ചൂടിയ 101 പേര്‍ തുടങ്ങി ഘോഷയാത്രയുടെ നിരകളെത്തിയതോടെ കാണികളിലും ആവേശമേറി. കേരളീയവേഷമണിഞ്ഞ് മുത്തുക്കുട ചൂടിയെത്തിയ സി.ആര്‍.പി.എഫ്. ജവാന്മാര്‍, ഓലക്കുടയേന്തിയ വനിതകള്‍, കേരളീയ വേഷമണിഞ്ഞ സ്ത്രീകള്‍, വേലകളി, പഞ്ചവാദ്യം, രാജാറാണി കുതിര, ചവിട്ടുനാടകം, പരിചമുട്ടുകളി എന്നിവ പിന്നാലെയെത്തി.
ചെണ്ടമേളം, മയൂരനൃത്തം, പരുന്താട്ടം, പൂക്കാവടി, ചിണ്ടക്കാവടി, വള്ളുവനാടന്‍ കലാരൂപമായ പൂതന്‍തിറ, ചെണ്ടമേളം, ശിങ്കാരിമേളം, പഞ്ചാരിമേളം, നെയ്യാണ്ടിമേളം, തകില്‍, നാദസ്വരം, മദ്ദളം, ഉടുക്ക്, കുമ്മാച്ചിക്കൊട്ട്, പഞ്ചവാദ്യം, വീക്കുചെണ്ട, കൊമ്പ്, കുഴല്‍ എന്നിങ്ങനെ കലാരൂപങ്ങള്‍ ഒന്നൊന്നായി എത്തിയതോടെ നിരത്ത് നിറച്ചാര്‍ത്തണിഞ്ഞു. പരമ്പരാഗത കലാകാരന്മാര്‍ കൊമ്പും തായമ്പകയും കൊണ്ട് ഘോഷയാത്രയ്ക്ക് താളം പകര്‍ന്നു.
റൈബന്‍ഷോ ഡാന്‍സ് (വെസ്റ്റ് ബംഗാള്‍), ഗര്‍ബാ റാസ് ഡാന്‍സ് (ഗുജറാത്ത്), ലുഡി ഡാന്‍സ് (പഞ്ചാബ്) പുരലിയ ചൗ ഡാന്‍സ് (കല്‍ക്കട്ട) തുടങ്ങി അന്യസംസ്ഥാന കലാരൂപങ്ങള്‍ മേളയ്ക്ക് കൊഴുപ്പേകി. കഥകളി, മോഹിനിയാട്ടം, തെയ്യം, കളരിപ്പയറ്റ്, ദര്‍ഫ്മുട്ട്, മാര്‍ഗംകളി, പരിചമുട്ടുകളി, ചവിട്ടുനാടകം, അര്‍ജുനനൃത്തം, പടയണി, മാജിക് ഷോ, ആഫ്രിക്കന്‍ ഡാന്‍സ് ആന്റ് ഡ്രംസ് എന്നിവ ഘോഷയാത്രയുടെ മനോഹാരിത കൂട്ടി.
തൃശൂര്‍ പൂരം, ഉത്രാളി പൂരം, മാമാങ്കം, അനന്തപുരിയിലെ ആറാട്ട്് തുടങ്ങി സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള ഉത്സവ-സാംസ്‌കാരിക പരിപാടികള്‍ ഘോഷയാത്രയിലുണ്ടായിരുന്നു. കഥകളി, മോഹിനിയാട്ടം, തെയ്യം, കളരിപ്പയറ്റ്, ദഫ്മുട്ട്, അറവനമുട്ട്, മാര്‍ഗം കളി, പരിചമുട്ട്കളി, ചവിട്ടുനാടകം, അര്‍ജുനനൃത്തം, വട്ടകളി, പരുന്താട്ടം, കുമ്മാട്ടി, പടയണി, ഗരുഡന്‍ പറവ, യക്ഷഗാനം, പുലികളി, കരടികളി, തമ്പോലമേളം, ബൊമ്മയാട്ടം ബാന്‍ഡ്, പാക്കനാരാട്ടം, പെരുമ്പറമേളം തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങളുണ്ടായിരുന്നു.
മറ്റ് സംസ്ഥാനങ്ങളുടെ കലാരൂപങ്ങളായി കളിയാട്ടം, ഫാഗ് ആന്റ്് വൂമര്‍, സംബല്‍പുരി, മതുരി, സിദ്ധി ദമാല്‍, തുടങ്ങിയവയുണ്ടായിരുന്നു. ഒപ്പം കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് നിരവധി കലാരൂപങ്ങളും ഉണ്ടായിരുന്നു.
ആഫ്രിക്കന്‍ ഡാന്‍സ് ആന്‍ഡ് ഡ്രംസ്, വെസ്റ്റേണ്‍ മ്യൂസിക് ആന്‍ഡ് ബിബോയിങ് ഡാന്‍സ്, ജപ് റോപ് സ്‌കിപ്പിങ് എന്നിവയുടെ നിരതന്നെ ഘോഷയാത്രയിലണിനിരന്നു.
സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, ഡി.ടി.പി.സി, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഘോഷയാത്രയില്‍ പങ്കാളികളായി. ജൈവകൃഷിയും എയര്‍ ആംബുലന്‍സുമെല്ലാം ഇത്തവണ നിശ്ചലദൃശ്യങ്ങളില്‍ ഇടംനേടി.

29 വേദികള്‍ 5500 കലാകാരന്മാര്‍

നഗരത്തില്‍ 29 വേദികളിലായാണ് ഇക്കുറി ഓണംവാരാഘോഷം നടന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ വേദികളിലെത്തിയത് 5500 കലാകാരന്മാരും. കാസര്‍കോട് മുതലുള്ള പാരമ്പര്യകലാരൂപങ്ങളെയും കലാകാരന്മാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നു ഇക്കുറി വാരാഘോഷ പരിപാടി നടത്തിയത്. കനകക്കുന്ന്, ശംഖുംമുഖം, പൂജപ്പുര, സെന്‍ട്രല്‍ സ്റ്റേഡിയം തുടങ്ങി വിവിധവേദികളില്‍ ഒരേസമയം മെഗാഷോകളും നടത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പരിപാടികളുടെ എണ്ണത്തിലും ഗുണത്തിലും മികവുണ്ടായിട്ടുണ്ടെന്ന് ഓണാഘോഷപരിപാടികളുടെ ചെയര്‍മാന്‍ പാലോട് രവി എം.എല്‍.എ. പറഞ്ഞു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രേക്ഷക സാന്നിധ്യം കൂടുതലായിരുന്നു ഇക്കുറി വേദികളില്‍.

More Citizen News - Thiruvananthapuram