അഴൂരിലെ ഓട്ടോഡ്രൈവറുടെ മരണം കൊലപാതകം; സി.ഐ.എസ്.എഫ്. ജവാനും സുഹൃത്തും അറസ്റ്റില്‍

Posted on: 01 Sep 2015ചിറയിന്‍കീഴ്: അഴൂര്‍ െറയില്‍വേ ഗേറ്റിന് സമീപം ഓട്ടോറിക്ഷയില്‍ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ സി.ഐ.എസ്.എഫ്. ജവാനും സുഹൃത്തും പോലീസ് പിടിയിലായി. അഴൂര്‍ ആലുവിള വീട്ടില്‍ ബിജുവാണ് (36) മരിച്ചത്. സി.ഐ.എസ്.എഫ്. ജവാന്‍ മുടപുരം പൊയ്കവിള വിജയഭവനില്‍ പ്രവീണ്‍ (28), അഴൂര്‍ പാലത്തിന് സമീപം അക്കുത്തിട്ട വീട്ടില്‍ മനോജ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പ്രവീണ്‍ ഒന്നും മനോജ് മൂന്നാം പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ബിജു സുഹൃത്തുക്കളായ ദീപു, സക്കീര്‍ എന്നിവരോടൊപ്പം റയില്‍വേഗേറ്റിന് അടുത്ത് ഓട്ടോയില്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം പ്രവീണും മനോജും മറ്റൊരാളും കൂടി ആറ്റിങ്ങലില്‍ പോയി മദ്യപിച്ച ശേഷം മദ്യക്കുപ്പിയും വാങ്ങി തിരികെ വരികയായിരുന്നു. റെയില്‍വേ ഗേറ്റിനരികിലിരിക്കുകയായിരുന്ന ബിജു പ്രവീണിനെയും കൂട്ടുകാരെയും ചീത്തവിളിച്ചു. പ്രവീണും സംഘവും ഇവര്‍വന്ന വാഹനങ്ങളില്‍ നിന്നിറങ്ങി ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് സംഘര്‍ഷമായി. കൈയിലിരുന്ന ബിയറിന്റെ കുപ്പികൊണ്ട് പ്രവീണ്‍ ബിജുവിന്റെ തലയ്ക്ക് പിന്നിലടിച്ചു. ബിജുവിന് ഗുരുതരമായി പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ബിജുവിന്റെ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ബിജുവിനെ അടിച്ചശേഷം പ്രവീണും കൂട്ടുകാരും പോയി. ആറടിപ്പാത എന്ന സ്ഥലത്ത് പോയിരുന്ന് മദ്യപിച്ചു. കുറെ നേരം കഴിഞ്ഞപ്പോള്‍ പ്രവീണും സംഘവും തിരിച്ചുവന്നു. അപ്പോള്‍ ബിജു ചോരവാര്‍ന്ന നിലയില്‍ തറയില്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ 108 ആംബുലന്‍സ് വിളിച്ചു. ഗേറ്റിനടുത്തായി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായെന്നും ഒരാള്‍ പരിക്കേറ്റു കിടക്കുന്നുവെന്നും ഇവര്‍ അറിയിച്ചു. ഇതിനുശേഷം ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് ഇവര്‍ രക്ഷപെട്ടുവെന്നാണ് പോലീസ് കേസ്. ബിജുവിനെ ആംബുലന്‍സ് എത്തി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. എങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. അടിയുടെ ആഘാതത്തില്‍ കുപ്പിച്ചില്ല് ചെവിയുടെ പിന്‍ഭാഗത്തിലൂടെ തുളച്ച് കയറിയതാണ് മരണകാരണമെന്ന് എസ്.ഐ. പറഞ്ഞു. ഒറീസയില്‍ ജോലിചെയ്യുന്ന പ്രവീണ്‍ ഓണാവധിക്ക് നാട്ടിലെത്തിയതായിരുന്നു. കേബിള്‍ ടി.വി. യുടെ ജോലിയാണ് മനോജിന്. ഇവരുടെ സുഹൃത്തായ രണ്ടാം പ്രതി ഉണ്ണി എന്ന് വിളിക്കുന്ന ദീപുവിനായി തിരച്ചില്‍ തുടങ്ങിയതായും പോലീസ് അറിയിച്ചു. നിരവധി കേസുകളിലെ പ്രതിയായിരുന്നു ബിജു.
പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്‍. പ്രതാപന്‍ നായര്‍, സി.ഐ. അനില്‍കുമാര്‍, ചിറയിന്‍കീഴ് എസ്.ഐ. വി.എസ്. പ്രശാന്ത്, എസ്.ഐ. മാരായ സിദ്ധാര്‍ഥന്‍, ഭാസികുമാര്‍, പോലീസുകാരായ സന്തോഷ് ലാല്‍, പ്രകാശന്‍ പിള്ള, മനോജ്, ജ്യോതിഷ് തുടങ്ങിയവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram