പുതുമോടിയില്‍ സ്വദേശാഭിമാനി പാര്‍ക്ക്‌

Posted on: 01 Sep 2015ഈ മാസം തുറന്നുകൊടുക്കും


നെയ്യാറ്റിന്‍കര:
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ സ്മാരകമായ നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്ക് മുഖം മിനുക്കി ഒരുങ്ങുന്നു. പാര്‍ക്കിന്റെ കെട്ടിലും മട്ടിലും മാറ്റം വരുത്തി നവീകരിച്ച പാര്‍ക്ക് ഈ മാസം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
രണ്ട് മാസം മുന്‍പാണ് സ്വദേശാഭിമാനി പാര്‍ക്ക് നവീകരിക്കാന്‍ നഗരസഭ തീരുമാനിച്ചത്. പത്ത് ലക്ഷം രൂപ ചെലവിട്ടാണ് പാര്‍ക്ക് ആകര്‍ഷകമാക്കാന്‍ നടപടി എടുത്തത്. സായാഹ്നങ്ങളില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന തരത്തിലാണ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പാര്‍ക്കിനകം പുതിയ പുല്‍ത്തകിടി പാകി. പാര്‍ക്കിലൂടെ നടക്കുന്നതിനായി തറയോട് പാകിയ നടപ്പാതയും നിര്‍മിച്ചു. പാര്‍ക്കില്‍ ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. നഗരസഭയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കുട്ടികളെ ആകര്‍ഷിക്കാനായി പാര്‍ക്കില്‍ ഊഞ്ഞാല്‍ ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകര്‍ഷകമായ വാട്ടര്‍ ഫൗണ്ടനും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.
പാര്‍ക്കില്‍ ദീപാലങ്കാരങ്ങള്‍ സ്ഥാപിച്ചു. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ അര്‍ധകായ പ്രതിമയുള്ള പാര്‍ക്കില്‍ രണ്ട് ജീവനക്കാരെയും നഗരസഭ നിയമിക്കും. നവീകരിച്ച പാര്‍ക്ക് സപ്തംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍ പറഞ്ഞു.More Citizen News - Thiruvananthapuram